ഒരിടത്ത് ജനനം ഒരിടത്ത് മരണം. ചുമലിൽ ജീവിത ഭാരം എന്നാണല്ലോ കവി വാക്യം. ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം പക്ഷേ, ആർത്തി കാണിച്ചിട്ടെന്തു കാര്യം. അത് മറ്റൊരു വാക്യം. കവികൾ ഇങ്ങനെ പാടിക്കൊണ്ടിരിക്കുന്നു. ആ പാട്ട് കേൾക്കാൻ തുടങ്ങിയിട്ടോ കാലങ്ങളുടെ പഴക്കവും. പാട്ടിന് ഇമ്പമേറെ വരികൾക്ക് അതിനേക്കാൾ മധുരവും. പക്ഷേ, പാടിയിട്ടോ, പാട്ട് കേട്ടിട്ടോ എന്ത് കാര്യം? നഷ്ടപ്പെടുവാൻ വിലങ്ങുകൾ കിട്ടാനുണ്ടൊരു പുതിയൊരു ലോകം എന്ന് പാടിപ്പതിഞ്ഞ നാട്ടിൽ പുതിയൊരു ലോകത്തിനു വേണ്ടിയുളള പരക്കംപാച്ചിലായി. എങ്ങും മത്സരമാണ്. കുതിച്ചു കയറുന്ന മത്സരം. പുതിയൊരു ലോകം വെട്ടിപ്പിടിക്കാനുള്ള മത്സരം. അന്തസായി ജീവിക്കണം, നാലാൾ അറിയണം എന്ന അടങ്ങാത്ത ത്വര. അതിന് ആരെയും കൂട്ടുപിടിക്കും. ആരെയും കാല് വാരും. മത്സരം ആ രീതിയിലായപ്പോൾ കള്ളവും ചതിയും വെട്ടിപ്പും തട്ടിപ്പുമായി. ജീവിതമൂല്യങ്ങൾ നൂല് പൊട്ടിയ പട്ടം പോലെ പറക്കുകയാണ്.
ആർക്കും ആരോടും കടപ്പാടില്ലാത്ത രീതിയിൽ ജീവിതം മാറുകയാണ്. പൊതുവേ ഒരു കാപട്യം. അതിനിടയിൽ നല്ല മനസുകളുണ്ടെന്നതിന് നമോവാകം. ഉള്ളിൽ ഒന്ന് വയ്ക്കുകയും പുറത്ത് മറ്റൊന്ന് കാണിക്കുകയും ചെയ്യുന്നവരുണ്ട്. അവരെ സൂക്ഷിക്കണം. കണ്ടാൽ പഞ്ചപാവം. ഇത്രയും ശുദ്ധഹൃദയർ വേറെയില്ലെന്ന് തോന്നും. അവർ ആരെയും ചിരിയിൽ മയക്കും. ആ ചിരിയിൽ പറ്റിക്കലിന്റെ തത്വശാസ്ത്രം ഒളിഞ്ഞിരിക്കുകയാണ്. ഇത് ചതിയുടെയും വഞ്ചനയുടെയും ചിരിയാണ്. ആ ചിരിയിൽ പലരും വീണു പാേകും. അതുവച്ച് അവർ കളിക്കാൻ തുടങ്ങും. പക്ഷേ, സത്യം അറിയാൻ വൈകിപ്പോകും. അപ്പോഴേക്കും അവർ നേടാനുള്ളതെല്ലാം നേടി മറ്റൊരു ചിരിയും പാസാക്കിയങ്ങ് പോകും. ജീവിതത്തിൽ ഒരു കൂസലുമില്ലാത്തവർ. ഏത് റോളും അവർ ആടും. ഒറ്റ ലക്ഷ്യമേയുള്ളൂ. തന്റെ കാര്യങ്ങൾ സുഭിക്ഷമായി നടക്കണം.അതിന് ഏത് മാർഗവും തേടും. വിജയം മാത്രമാണ് ലക്ഷ്യം. ഒടുവിൽ ഒരു തേയ്പ്പങ്ങ് തേക്കും. ചിലരെ കണ്ണുമടച്ചങ്ങ് വിശ്വസിക്കാം. അവർ മനസിൻെറ കണ്ണാടിയായി നിൽക്കും. സ്വന്തം ജീവൻ പോയാലും കൂടെ നിൽക്കും. അവരെ ഹൃദയത്തിനോളം സ്നേഹിക്കാം. തനിക്ക് കിട്ടിയില്ലെങ്കിലും കൂടെ നിൽക്കുന്നയാൾക്ക് കിട്ടണം എന്ന മാന്യ ചിന്തയായിരിക്കും അവരിൽ. വേറെ ചിലരുണ്ട്. അവിടെയും ചാടി ഇവിടെയും ചാടി നിൽക്കുന്നവർ. നയം വ്യക്തമാക്കാത്തവർ. പത്ത് പുത്തൻ കണ്ടാൽ അപ്പോൾ കാല് അപ്പുറത്ത് വയ്ക്കും. അതിൽ പത്ത് പുത്തൻകൂടി ചേർത്ത് കാണിച്ചാൽ വച്ച കാല് തിരിച്ച് ഇപ്പുറത്ത് വയ്ക്കും. ഇവരെ ഒട്ടും വിശ്വസിക്കരുതെന്നാണ് പ്രമാണം.
അതെന്നെ ജീവിതം പഠിപ്പിച്ചു എന്ന് ചിലർ പറയാറില്ലേ ഒരിക്കൽ പറ്റിയ അബദ്ധം പിന്നെ ആവർത്തിക്കില്ല എന്നവർ സത്യം ചെയ്യുകയാണ്. അതെനിക്ക് പാഠമായി എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സ്വർണക്കള്ളക്കടത്തിലെ പ്രതികളായ സന്ദീപ് നായരുടെയും സ്വപ്നയുടെയും കാർബൺ ഡോക്ടർ ഉദ്ഘാടനം ചെയ്യാൻ പോയതിൻെറ പശ്ചാത്തലം അയവിറക്കിയായിരുന്നു സ്പീക്കറുടെ വീണ്ടു വിചാരം. അതവിടെ നിൽക്കട്ടെ.
ജീവിതം സൈക്കിൾ ചവിട്ടുന്നതു പോലെയാണെന്ന് പറയാറുണ്ട്. ബാലൻസ് തെറ്റാതിരിക്കണമെങ്കിൽ മനക്കരുത്തും ആത്മവിശ്വാസവും വേണം. സൈക്കിൾ ചവിട്ടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ ബാലൻസ് തെറ്റാതെ ചവിട്ടാനാകും. അയ്യോ ഇപ്പോൾ വീഴും വീഴും എന്ന് വിചാരിച്ച് ചിവിട്ടിയാലോ സൂക്ഷം വീണത് തന്നെ. പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ കിട്ടുമെന്ന പ്രതീക്ഷ. ഒരിക്കൽ ലോട്ടറി എടുത്തവർ അടിക്കാതായിട്ടും വീണ്ടും എടുക്കുന്നത് അടിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പ്രതീക്ഷിച്ചിരുന്നു ഒടുവിൽ ഒന്നും കിട്ടാതാകുമ്പോൾ ജീവിതം വ്യർത്ഥമായി എന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാ വഴികളും അവർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടു എന്ന തോന്നൽ. പ്രതീക്ഷകളും ജീവിത യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം ചെറുതല്ല. ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുന്നവരുണ്ട്. വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ. അവർക്ക് നഷ്ടസ്വപ്നങ്ങളുണ്ടാവില്ല. മനോവിഷമം ഉണ്ടാവില്ല. കിട്ടിയ ജീവിതത്തെ ഹാപ്പിയായി കാണുന്നവർ. അവർ ജീവിതത്തെ ആസ്വദിക്കും. പ്രതീക്ഷിച്ചിരുന്നിട്ട് കിട്ടാതാകുമ്പോഴാണ് ജീവിതം ഇരുളടഞ്ഞു എന്ന തോന്നൽ ഉണ്ടാകുന്നത്. വലിയ ജോലി, അക്കൗണ്ട് നിറയെ പണം, വലിയ വീട്,നല്ല വിവാഹം ഇങ്ങനെ മനക്കോട്ട കെട്ടുന്നവരുടെ പ്രതീക്ഷകൾ ചില്ലുകൊട്ടാരമാകുമ്പോൾ പ്രതീക്ഷകൾക്കപ്പുറത്ത് ജീവിതം പറക്കുന്ന അവസ്ഥയാകും.
ചിലർക്ക് സമ്പാദ്യം എന്ന് പറയുന്നത് ആരോഗ്യമാണ്. എനിക്ക് ഒരസുഖവുമില്ല. അതുതന്നെ ഭാഗ്യം എന്ന് ചിലർ പറയാറില്ലേ. പൂർണ ആരോഗ്യവാനായിരുന്നാൽ മരുന്നും വേണ്ട, മന്ത്രവും വേണ്ട എന്നർത്ഥം. പ്രഷർ, ഡയബറ്റിസ് തുടങ്ങി രോഗങ്ങളുടെ സിംഹാസനത്തിലിരിക്കുകയാണെങ്കിലോ പിന്നെന്ത് പ്രതീക്ഷ! ആഹാരത്തിന് മുമ്പും ശേഷവും മരുന്നുമായുള്ള ജീവിതം. ഇനി എത്രനാൾ എന്ന് വേവലാതിപ്പെടുന്നത് കേട്ടിട്ടില്ല. എല്ലാം ഉണ്ടായിട്ട് എന്ത് കാര്യം എന്നാണ് ആ ആത്മഗതം വിളിച്ച് പറയുന്നത്.
ജീവിതത്തെ പൂർണതയിൽ നിലനിറുത്താൻ സഹായിക്കുന്ന ഉപാധികൾ പലതുണ്ട്. അതിനുള്ളതാണ് യോഗസാധനകളെന്ന് ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു പറയുന്നു. ഒരാളുടെ ജീവിതം അതിന്റെ പൂർണതയിൽ ശോഭിക്കുമ്പോൾ മറ്റുളളവർ അയാളെ അതിമാനുഷൻ എന്ന് ധരിക്കും. കാരണം ഇങ്ങനെ ചിന്തിക്കുന്നവർ ജീവിതത്തിന്റെ പൂർണത അനുഭവിച്ചറിയാത്തവരാണ് .
ഇഹലോക ജീവിതവും പരലോക ജീവിതമുണ്ടെന്നാണ് ഇസ്ലാം പറയുന്നത്. ഇഹലോക ജീവിതം മനുഷ്യന് പരീക്ഷണമാണെന്നും അതിന്റെ പ്രതിഫലമാണ് പരലോക ജീവിതത്തിൽ കിട്ടുന്നതെന്നാണ് ഇസ്ളാം തത്വസംഹിത.
ജീവിതം ഒരു യാത്രയാണ്. ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള യാത്ര. ആ യാത്രയിൽ നമ്മൾ ഒരുപാട് പേരെ കണ്ടു മുട്ടുന്നു, സൗഹൃദം കൂടുന്നു. ചില സൗഹൃദങ്ങൾ പൊട്ടാത്ത കണ്ണിപോലെ നിൽക്കുന്നു. ചില സൗഹൃദങ്ങൾ നൊമ്പരങ്ങളായി മാറുന്നു. നമ്മൾ എത്ര പേരെയാണ് ഓരോ ദിവസവും കണ്ടുമുട്ടുന്നത്. ഒരിക്കൽ കണ്ട മുഖത്തെ പിന്നെ കാണുന്നില്ല. അത് നൈമിഷകമാകുന്നു. ഒരു പരിചയവുമില്ലാത്തവർ നമുക്കൊരു സഹായം ചെയ്ത് തരുമ്പോൾ അതൊരിക്കലും മറക്കില്ല. അയാളെ പിന്നെ ഒരിക്കലും കണ്ടില്ലെന്ന് വരും. എന്നാൽ ആ രൂപം മനസിൽ മായാതെ നിൽക്കും. എന്നാൽ നമുക്ക് അറിയാവുന്നൊരാൾക്ക് നമ്മൾ വിലപ്പെട്ട സഹായം ചെയ്തുകൊടുത്തെന്നിരിക്കട്ടെ. അയാൾ അതിന് പുല്ലുവിലയാണ് കാണുന്നതെങ്കിലോ അത് മനസിനെ വേദനിപ്പിക്കും. ഇത് ജീവിതത്തിന്റെ രണ്ട് അവസ്ഥകളാണ്.
ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യം കാണുംവരെ പ്രവർത്തിക്കുക എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. സ്വന്തം കഴിവുകളെ കണ്ടെത്തി പരമാവധി പ്രയോജനപ്പെടുത്തിയാൽ വിജയം മുന്നിൽ നിൽക്കും. നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ.അബ്ദുൽ കലാമിന്റെ വീക്ഷണത്തിലൂടെ മുന്നോട്ട് പോകാനാകണം.
ജീവിതം എന്താണ് നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ജീവിതം വച്ചുനീട്ടുന്ന പ്രതിസന്ധികളെ നേരിടാനുള്ള ശക്തിയും കരുത്തും ആർജിക്കുകയാണ് വേണ്ടത്. നമ്മുടെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കേണ്ടത് നമ്മൾ തന്നെയാണ്. അത് എടുക്കേണ്ട സമയത്ത് എടുക്കുന്നതാണ് ജീവിത വിജയം. അത് വിധി വച്ചുനീട്ടുന്ന ഭാഗ്യപരീക്ഷണമാണ്. അതിലെ ചോയിസ് കറക്ടായിരുന്നാൽ വിജയം ചിറകുകൾ വിടർത്തി പറക്കുമെന്നാണ് പറന്നവർ പറയുന്നത്. വിചാരിക്കുന്നത് നടക്കാതിരിക്കുമ്പോൾ ജീവിതം മടുത്തു എന്ന് ചിലർ പറയാറുണ്ട്. ആ തോന്നൽ മാറ്റണം. പ്രശ്നങ്ങളില്ലാത്തവരായി ആരും കാണില്ല, ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ എന്തെല്ലാം പ്രശ്നങ്ങളെയാണ് നേരിടുന്നത്. അവർ അതിനെ നേരിടുന്നത് അനുഭവത്തിൻെറ കരുത്തിൽ നിന്നുകൊണ്ടാണ്. അവർ പതറിപോയാൽ എന്താകും സ്ഥിതി? അവരുടെ ആ സമീപനമാണ് ഏറ്റവും വലിയ പ്രചോദനം. പ്രശ്നങ്ങളെ ചിരിച്ചു കൊണ്ട് നേരിടക. ചിരിക്ക് മുന്നിൽ ഇല്ലാതാവാത്ത ഒരു പ്രശ്നവും ജീവിതത്തിലില്ല. ചിരിക്കുക, ജീവിതത്തെ ആസ്വദിക്കുക.