ആറ്റിങ്ങൽ: ഹോട്ടലിൽ മദ്യപിക്കാൻ ഇടംകൊടുക്കാത്തതിന്റെ പേരിൽ ഗുണ്ടകൾ ഹോട്ടലും ആട്ടോറിക്ഷയും തകർത്തു. ദേശീയപാതയിൽ കോരാണി നവധാര ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇന്ദ്രധനുസ് എന്ന ഹോട്ടലിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശിയായ ഗോപകുമാറാണ് ഹോട്ടൽ നടത്തുന്നത്. ഗോപകുമാർ (56), ഭാര്യ ഉഷ (50), ഗോപകുമാറിന്റെ സുഹൃത്ത് രമേശൻ (45) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഹോട്ടലിന്റെ അലമാരകൾ തല്ലിത്തകർത്ത സംഘം സമീപത്ത് നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷ കുത്തിക്കീറി. അക്രമിസംഘം ഹോട്ടലിൽ മദ്യപിക്കാൻ സ്ഥലം നൽകണമെന്ന് ഉഷയോട് ആവശ്യപ്പെട്ടു. ഉഷയും രമേശനുമാണ് ഈ സമയം കടയിലുണ്ടായിരുന്നത്. കടയ്ക്കുള്ളിൽ മദ്യപിക്കാൻ പറ്റില്ലെന്ന് ഉഷ പറഞ്ഞു. ഉടൻ അക്രമികൾ ഉഷയ്ക്ക് നേരെ അസഭ്യവർഷം നടത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് രമേശൻ ഓടിച്ചെല്ലുമ്പോൾ ഇരുവരെയും സംഘം മർദ്ദിച്ചു. ഈ സമയം കടയിലെത്തിയ ഗോപകുമാറിനും മർദ്ദനമേറ്റു. കടയിലെ അലമാരകൾ സംഘം അടിച്ചുതകർത്തു. കടയിലേക്ക് സാധനങ്ങളുമായി ആട്ടോറിക്ഷയിലെത്തിയ പ്രമോദിനെയും സംഘം ആക്രമിക്കാനൊരുങ്ങി. പ്രമോദ് ഓടി രക്ഷപ്പെട്ടപ്പോൾ അക്രമികൾ ആട്ടോറിക്ഷ കുത്തിക്കീറി. ബഹളം കേട്ട് യാത്രക്കാർ കൂടിയപ്പോഴേക്കും അക്രമികൾ ബൈക്കിൽ കയറി സ്ഥലംവിട്ടു. തുടന്ന് മംഗലപുരം പൊലീസ് എത്തി അക്രമികൾക്കെതിരെ കേസെടുത്തു.