കൊച്ചി : കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് അധികൃതർ നിയമവിരുദ്ധമായി വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം വാങ്ങിയെന്ന കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിലെ മുഖ്യപ്രതികളായ കോളേജ് ചെയർമാനും ഡയറക്ടറുമടക്കമുള്ളവർക്കെതിരെ ചെറുവിരൽപോലും അനക്കാതെ കോളേജ് ജീവനക്കാരായ മറ്റുള്ളവർക്കു പിന്നാലെപോകുന്ന അന്വേഷണം അദ്ഭുതപ്പെടുത്തുന്നെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലുൾപ്പെട്ട വമ്പൻസ്രാവുകൾ തടസങ്ങളൊന്നുമില്ലാതെ നീന്തിനടക്കുമ്പോഴാണ് മറ്റുള്ളവരുടെ പിന്നാലെ അന്വേഷണസംഘം പോകുന്നത്. ഇൗ അന്വേഷണരീതിയോടു മൗനംപാലിച്ച് കാഴ്ചക്കാരനായി നോക്കിനിൽക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കോളേജ് ജീവനക്കാരായ നെയ്യാറ്റിൻകര വഴുതൂർ സ്വദേശി പി.എൽ. ഷിജി, കാരക്കോണം സ്വദേശി ജെ.എസ്. സനു എന്നിവർ കേസിൽ പ്രതികളാക്കാൻ നീക്കമുണ്ടെന്നാരോപിച്ച് നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ രൂക്ഷ വിമർശനം. കോളേജിലെ അക്കൗണ്ടന്റാണ് താനെന്നും തന്നെ കേസിൽ പ്രതിയാക്കാനാണ് നീക്കമെന്നും ഷിജിയുടെ ഹർജിയിൽ പറയുന്നു. തുടർന്ന് ഹർജിക്കാരിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. മറ്റൊരു ഹർജിക്കാരനായ സനു കേസിൽ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് ഇയാളുടെ ഹർജി തീർപ്പാക്കി. ഷിജി പത്തുദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണം. അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം അനുവദിക്കാനും വിധിയിൽ പറയുന്നു.
കേസിങ്ങനെ :
എം.ബി.ബി.എസ്, എം.ഡി കോഴ്സുകൾക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ തലവരിപ്പണമായി കൈപ്പറ്റിയശേഷം അഡ്മിഷൻ നൽകിയില്ലെന്നാരോപിച്ച് ചില വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ കോടതിയുടെ നിർദേശം അനുസരിച്ചാണ് വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തത്. പിന്നീട് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനുവിട്ടു. കോളേജ് ചെയർമാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ മുൻ സി.പി.ഐ സ്ഥാനാർത്ഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങിയവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. ഇവർക്കെതിരെ അന്വേഷണം നടന്നതായി റിപ്പോർട്ടിൽ കാണുന്നില്ല. ആദ്യ മൂന്നു പ്രതികൾക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പത്തുദിവസത്തിനകം രജിസ്ട്രിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.