തിരുവനന്തപുരം: ആർ.സി.സിയിൽ മൂന്നു ശുചീകരണത്തൊഴിലാളികൾക്കും ഒരു നഴ്സിംഗ് അസിസ്റ്റൻറിനും കൊവിഡ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ചയായാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മുപ്പതോളം ജീവനക്കാരെ വേളിയിലെയും പാളയത്തെയും ഹോസ്റ്റലുകളിലേക്ക് മാറ്റി. അവിടെ വച്ചാണ് മറ്റുള്ളവരിൽ രോഗം കണ്ടെത്തിയത്. ആർ.സി.സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇന്നു മുതൽ ആശുപത്രി പ്രവർത്തനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സ്വഭാവമില്ലാത്ത കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ മാറ്റിവച്ചു. ഡോക്ടറെ കാണാൻ അനുമതി വാങ്ങിയവർക്ക് വെർച്വൽ ഒ.പിയിലൂടെ ഫോൺവഴി ഡോക്ടറോട് സംസാരിക്കാം. കാൻസർരോഗികൾക്ക് രോഗപ്രതിരോധശേഷിയില്ലാത്തതിനാലാണ് ക്രമീകരണമെന്ന് അധികൃതർ വിശദീകരിച്ചു.