തിരുവനന്തപുരം: ജൂലൈ 5ന് പുലർച്ചെ വർക്കല ഡെന്റൽ കോളേജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ റിമാൻഡ് പ്രതികളിലൊരാൾ ഇന്നലെ വൈകിട്ട് പിടിയിലായി. നെയ്യാറ്റിൻകര പള്ളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ അനീഷാണ് (29) ഇന്നലെ നെയ്യാർഡാമിൽ വച്ച് ഷാഡോ പൊലീസിന്റെ പിടിയിലായത്. ആദ്യം രക്ഷപ്പെട്ട കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാനിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മുഹമ്മദ് ഷാൻ വാഹന മോഷണക്കേസിലും അനീഷ് കാപ്പ നിയമ പ്രകാരവുമാണ് പിടിയിലാവുന്നത്. ക്വാറന്റെെൻ കേന്ദ്രത്തിന്റെ മറ്റ് പ്രതികൾക്കൊപ്പം പാർപ്പിച്ചിരുന്ന ഇരുവരും കുളിമുറിയിലെ വെന്റിലേറ്റർ ഗ്ലാസുകൾ ഇളക്കിയാണ് രക്ഷപ്പെട്ടത്. പിന്നാലെ കോളേജ് വളപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങുകയായിരുന്നു. മുഹമ്മദ് ഷാനൊപ്പം രക്ഷപ്പെട്ട അനീഷ് ബോംബേറ് ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് ജയിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി. മലയിൻകീഴ്,നേമം,നരുവാമൂട് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ,അഡിഷണൽ എസ്.പി ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.