തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ആദ്യ ബെൽ മുഴങ്ങിയത് ജൂൺ 19ന് ഐരാണിമുട്ടത്തെ ആട്ടോ ഡ്രൈവറായ സീരിയൽ നടനിൽ നിന്നായിരുന്നു.
ഉറവിടം അറിയാതെയാണ് അദ്ദേഹത്തിന് രോഗമുണ്ടായത്. പിന്നീട് ഇയാളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രോഗം പടർന്നു. അതൊരു സൂചനയായി കണ്ട് ജില്ലയിലൊട്ടാകെ കർശന നടപടികളെടുക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഇപ്പോൾ സമൂഹവ്യാപനത്തിൽ എത്തിച്ചിരിക്കുന്നത്.
ആട്ടോഡ്രൈവറിൽ നിന്നും രോഗം പടർന്നപ്പോൾ നഗരസഭയിലെ നാലുവാർഡുകൾ പൂട്ടിയിട്ടു. എന്നാൽ പൂന്തുറയിൽ മത്സ്യമൊത്ത വ്യാപാരിക്കും വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനെത്തിയെ പുല്ലുവിള സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ടു കിട്ടുന്നതുവരെ സർക്കാർ ഇളവുകൾ അനുവദിച്ചതാണ് തിരിച്ചടിയായത്.
തുടർന്നാണ് നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അപ്പോഴേക്കും പൂന്തുറയിൽ നിന്നും പിന്നീട് വിഴിഞ്ഞത്തു നിന്നുമെല്ലാം കൊവിഡ് പൊട്ടിത്തെറി ഉണ്ടായിക്കഴിഞ്ഞിരുന്നു. പിന്നീട് പുല്ലുവിള, അഞ്ചുതെങ്ങ്, പെരുമാതുറ എന്നിവിടങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.
ആലസ്യത്തിൽ നിന്നുണർന്ന് പൂന്തുറയും പുല്ലുവിളയും ഉൾപ്പെടെയുള്ള തീരദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട നിലയിലെത്തിയിരുന്നു.
മുഖത്തൊരു മാസ്കുണ്ടെങ്കിൽ കൊവിഡ് പേടിച്ചുപോകുമെന്ന ഭാവത്തിൽ ജനങ്ങൾ സഞ്ചരിച്ചതും രോഗവ്യാപനം കൂടാൻ കാരണമായി.