ആറ്റിങ്ങൽ: കൊവിഡിനെ തുടർന്ന് വഴിയോരക്കച്ചവടത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച് കച്ചവടം നടത്തിയ 70 കിലോ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ആറ്റിങ്ങൽ മൾട്ടി മാർക്കറ്റിന് സമീപത്തെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിന്റെ പിറകിലായിരുന്നു മത്സ്യക്കച്ചവടം നടന്നത്. നഗരസഭാ ചെയർമാൻ എം.പ്രദീപിന് കിട്ടിയ വിവരത്തെ തുടർന്നാണ് ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസം മുമ്പേ പട്ടണത്തിലെ ചന്തകളും, മത്സ്യം അടക്കുള്ള വഴിയോര കച്ചവടങ്ങളും താൽക്കാലികമായി നഗരസഭ നിരോധിച്ചിരുന്നു. എന്നാൽ,​ സ്വകാര്യ സൂപ്പർമാർക്കറ്റ് ഉടമയുടെ അറിവോടെ മത്സ്യക്കച്ചവടം നടത്തിവരികയായിരുന്നു. മത്സ്യം കച്ചവടം ചെയ്യാൻ സൂപ്പർമാർക്കറ്റിന് അനുമതിയില്ലായിരുന്നു. പിടിച്ചെടുത്ത മത്സ്യം അന്യ നാടുകളിൽ നിന്ന് ഫ്രീസറിലാക്കി കൊണ്ടുവന്നതാണെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നശിപ്പിച്ചതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു. ഇത്തരം ക്രമക്കേടുകൾ നടത്തുന്നവരുടെ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടമാരായ സിദ്ദീഖ്, മുബാറക്ക്, സി.എൽ.ആർ ജീവനക്കാരായ ശശികുമാർ, ജയൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.