sivasankar

പിരിവുകാരെ സാമൂഹ്യ അകലത്തിൽ നിറുത്താൻ 'പട്ടിയുണ്ട്, സൂക്ഷിക്കുക' എന്ന ബോർഡെഴുതി കെട്ടിത്തൂക്കുന്നതും 'അവതാരങ്ങളുണ്ട്, സൂക്ഷിക്കുക' എന്ന് നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകുന്നതും രണ്ടാണ്.

പട്ടിയുണ്ട്, സൂക്ഷിക്കുക എന്ന് പറയുന്നത് നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല. അവതാരങ്ങളുടെ കാര്യത്തിലേത് പക്ഷേ നിയമപ്രകാരമുള്ള മുന്നറിയിപ്പാണ്. എങ്കിലും ചില സാമ്യങ്ങൾ ഇരു മുന്നറിയിപ്പുകൾക്കുമുണ്ടെന്ന് പു.ക.സ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യ, സാംസ്കാരിക പരിപ്രേക്ഷ്യത്തിലൂടെ നടത്തിയ സൂക്ഷ്മവിശകലനത്തിൽ അവർ മനസ്സിലാക്കി വച്ചത് ഇത്രയുമാണ്: "പട്ടിയുണ്ട്, സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് പ്രകാരം പിരിവുകാരെ അകറ്റാൻ സാധിക്കുന്നത് പോലെ അവതാരങ്ങളുണ്ട്, സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് പ്രകാരം ഈയാംപാറ്റകളെ അകറ്റിനിറുത്താനാകും. "

പിണറായി സഖാവ് ചില അവതാരങ്ങളെ ഓഫീസിൽ അനുവദിച്ചിരുന്നുവെന്നാണ് മനസ്സിലാക്കാനാകുന്നത്. അതിനാൽ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിൽ ഒരുവിധപ്പെട്ട ആർക്കും പ്രവേശനം സാദ്ധ്യമായിരുന്നില്ല. അറിയാതെയോ മറ്റോ ആരെങ്കിലും ആ മൂന്നാം നിലയിലേക്കൊന്ന് കാലെടുത്തുവച്ചാൽ അവതാരങ്ങളുണ്ടെന്നത് കൊണ്ടുതന്നെ ഗേറ്റും പിടിച്ചുനിൽക്കുന്ന കാവൽക്കാർ ആട്ടിയോടിക്കുമത്രെ. അത് ആട്ടിയോടിക്കലല്ല, മറിച്ച് സ്നേഹബുദ്ധ്യാ ഉപദേശിച്ച് പറഞ്ഞുവിടുക മാത്രമാണെന്നാണ് വിവക്ഷ.

യഥാർത്ഥത്തിൽ പിണറായി സഖാവ് ആഗ്രഹിച്ചതല്ല ഇത്തരം അവതാരങ്ങളെ ഓഫീസിൽ ഇരുത്തണമെന്ന്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഏത് പുലിയും പുല്ല് തിന്നുപോകുമെന്നല്ലേ പ്രമാണം. പ്രത്യേകിച്ച് നോർത്ത് ബ്ലോക്കിന്റെ മുകളിലെ നിലയിലൊക്കെ ഇരിക്കാൻ നിർബന്ധിതമായാൽ അവതാരങ്ങളില്ലാതെ പറ്റില്ല. അല്ലെങ്കിൽ സകല അണ്ടന്മാരും അടകോടന്മാരും വന്നുകളയും. ഒരു നിലയും വിലയുമൊക്കെ കാത്തുസൂക്ഷിക്കാൻ അവതാരങ്ങളെയും കൊണ്ടുനടക്കുന്നതാണ് ഉത്തമമെന്ന് പിണറായി സഖാവിന് ബോദ്ധ്യമുണ്ട്.

നാല് കൊല്ലം മുമ്പ് നോർത്ത് ബ്ലോക്കിലേക്ക് ഇടതുകാൽ വച്ച് ( വലതുകാൽ വച്ചാൽ മുന്നണിമാറിയെന്ന് ധരിക്കുന്നതിനാൽ) കയറുന്നതിന് മുമ്പ് അവതാരങ്ങളെ സൂക്ഷിക്കണം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് പിണറായി സഖാവ് നൽകുകയുണ്ടായി. ചില അവതാരങ്ങൾ എന്റെ ബന്ധുവാണെന്ന് പറഞ്ഞുവരാനിടയുള്ളതിനാൽ അത്തരക്കാരെ സൂക്ഷിക്കണം എന്നായിരുന്നു മുന്നറിയിപ്പ്. എന്നുവച്ചാൽ ഒറിജിനൽ അവതാരങ്ങളെ ഞാൻ കൊണ്ടുനടന്നോളാം, വ്യാജ അവതാരങ്ങളെ നിങ്ങൾ സൂക്ഷിച്ചോളണം എന്നായിരുന്നു സഖാവ് ഉദ്ദേശിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞത് ഒറിജിനൽ അവതാരങ്ങൾ മാത്രമായിരുന്നു. അതനുസരിച്ചാണ് ഇന്നുവരെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്.

പത്ത്, പന്ത്രണ്ട് അവതാരങ്ങളെ കൊണ്ട് നടക്കുന്ന കൂട്ടത്തിൽ ഒരവതാരം മാരകരൂപം പൂണ്ടിപ്പോൾ പിണറായി സഖാവിനെ തന്നെ തിരിഞ്ഞുകടിക്കുന്നുവെന്നാണ് നോർത്ത്ബ്ലോക്കിനടുത്ത് കൂടെ നടന്ന് പോയവർ അടക്കം പറയുന്നത്. 'പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട്' എന്ന മട്ടിൽ അവതാരവും പിണറായിസഖാവും തമ്മിൽ കൈ കൊട്ടിക്കളിക്കുന്നത് കണ്ടവരുണ്ട്. പക്ഷേ അവതാരത്തിന്റെ വ്യാപ്തി ഇത്രത്തോളം ഭീകരമായിരുന്നുവെന്ന് പലരും തിരിച്ചറിഞ്ഞിരുന്നില്ല.

ഇപ്പോൾ പറയുന്നത് ഈ അവതാരത്തിന്റെ സൂപ്പർസ്പ്രെഡ് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ്. ആരോഗ്യമന്ത്രി ശൈലജടീച്ചർ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ വേണ്ടികൂടിയാണ് പുതിയൊരുപദേശകനായി രാജീവ് സദാനന്ദനെ പിണറായി സഖാവ് നിയോഗിച്ചതെന്നാണ് വിവരം. ഒരു തീർപ്പ്, അതെത്രയും വേഗത്തിലായാൽ അത്രയും വ്യാപനം തടഞ്ഞുനിറുത്താമല്ലോ.

.........................

- ശിവശങ്കർ ഐ.എ.എസ് ശരിക്കും പറഞ്ഞാൽ ഒരു ലക്ഷണമൊത്ത അവതാരമായിരുന്നു. ലക്ഷണങ്ങളെല്ലാം ഒത്തുവരുന്ന അവതാരത്തിന്റെ പ്രത്യേകത, അത് പല രൂപത്തിൽ സകല തൂണിലും തുരുമ്പിലും അവതരിക്കും എന്നതാണ്. ഉദാഹരണത്തിന് ശിവശങ്കർ അവതാരത്തിന്റെ പ്രതിപുരുഷന്മാർ (അതോ പ്രതിവനിതകളോ) നോർത്ത് ബ്ലോക്കും കടന്നങ്ങോട്ട് സകല തൂണിലും തുരുമ്പിലും വ്യാപരിച്ചിരുന്നുവെന്നാണ് പറയുന്നത്.

അതിലൊരു രൂപമായിരുന്നു സ്വപ്ന സുരേഷ് എന്ന അവതാരം. മറ്റൊരു രൂപം അരുൺ ബാലചന്ദ്രൻ എന്ന അവതാരവേഷത്തിലും ഉണ്ടായിട്ടുണ്ട്. ഇനിയെത്രയെത്ര അവതാരങ്ങൾ എവിടെയൊക്കെ പ്രത്യക്ഷപ്പെടാനുണ്ടെന്ന് ആർക്കറിയാം.

ശിവശങ്കർ എവിടെ ഒപ്പുവരയ്ക്കാൻ പറഞ്ഞാലും പിണറായി സഖാവ് കണ്ണുമടച്ച് വരച്ചു കൊടുക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അവതാരത്തെ ലാളിച്ചാലുള്ള കുഴപ്പമാണത്. സെക്രട്ടേറിയറ്റിനെ മുറിച്ചുവിൽക്കാനുള്ള ഫയൽ ശിവശങ്കർ അവതാരം കൊണ്ടുവരുന്നതിന് മുമ്പ് തടി കേടാകാതെ നോക്കാനായത് ഭാഗ്യം എന്ന് പറഞ്ഞാൽ മതി. അതിന് സ്വപ്ന സുരേഷിനോട് കടപ്പെട്ടിരിക്കുന്നു!

............................

- സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചത് ശിവശങ്കർ ഐ.എ.എസിന്റെ ശുപാർശ പ്രകാരമെന്ന് ചീഫ്സെക്രട്ടറിയും അഡിഷണൽ ചീഫ്സെക്രട്ടറിയും കണ്ടെത്തിയിരിക്കുന്നു. വല്ല ചെന്നിത്തല ഗാന്ധിയോ ചോമ്പാൽ മുല്ലപ്പള്ളി ഗാന്ധിയോ മറ്റുമാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ, ബഹിരാകാശ ഗവേഷണരംഗത്ത് സ്തുത്യർഹമായ സേവനം സാദ്ധ്യമാക്കാൻ പ്രാപ്തയായ യുവതിയെ സ്പേസ് പാർക്ക് പോലൊരു സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്ന് കണ്ടെത്താത്ത മനസ്സ് വികസനവിരുദ്ധമാണ് എന്നെങ്കിലും പറയാമായിരുന്നു.

ഇ-മെയിൽ: dronar.keralakaumudi@gmail.com