ബലി തർപ്പണത്തിന് ഒരുക്കേണ്ടത് :
എള്ള്, പൂവ്, ചന്ദനം, ദർഭ, വിളക്ക്, കിണ്ടി, വാഴയില, ചോറ്, നെയ്യ്, പഴം.
നിലവിളക്ക് തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടുമിട്ട് കത്തിക്കണം ഇലയുടെ തുമ്പ് തെക്കോട്ട്.
ഇടതുവശത്തെ ഇലയിൽ എള്ള് ചോറ്,പഴം നെയ്യ്. വലതുവശത്തെ ഇലയിൽ ചന്ദനം പൂവ്, എള്ള്. കഴിയുമെങ്കിൽ ഇടതുമുട്ട് നിലത്തൂന്നിയിരുന്ന് കർമ്മം ചെയ്യണം.
കൈ കഴുകി പവിത്രം ധരിക്കുക. ഒരു പൂവെടുത്ത് ചന്ദനവും എള്ളും ചേർത്ത് കിണ്ടിക്കുള്ളിൽ ഇട്ട് കിണ്ടിയുടെ വായും വാലും അടച്ചു പിടിച്ച് പറയുക
''ഓം ഗംഗേചേ യമുനേ ചൈവ ഗോദാവരി
സരസ്വതി നർമ്മദേ സിന്ധു കാവേരി
ജലേഅസ്മിൻ സന്നിധിം ഗുരൂം""
കിണ്ടിയുടെ വാലിൽ കൂടി മൂന്നു പ്രാവശ്യം ജലമെടുത്ത് കിണ്ടിക്ക് അകത്തേക്ക് ഒഴിക്കുക. വീണ്ടും കിണ്ടി അടച്ചുപിടിച്ച് പറയണം ''പിതൃതീർത്ഥം പ്രോക്ഷയാമി""
കിണ്ടി തലയ്ക്കു മുകളിലോട്ടു ഉയർത്തിയിട്ട് താഴോട്ടു വയ്ക്കുക.
കുറച്ചു ജലം കിണ്ടിയുടെ വാലിലൂടെ എടുത്ത് ദേഹത്ത് തളിച്ചുകൊണ്ടു പറയുക
''ഓം ശരീര ശുദ്ധിം സമർപ്പയാമി""
കുറച്ചു ജലം കൈയിലെടുത്തു പൂവ് ഇരിക്കുന്ന ഇലയുടെ മുൻഭാഗം തളിച്ച് വൃത്തിയാക്കി മെഴുകുക.
കൈ ശുദ്ധമാക്കിയ ശേഷം ആ ഭാഗത്ത് ഒരു പൂവ് നാരായണഭഗവനനെയും പിതൃക്കളെയും ധ്യാനിച്ച് സമർപ്പിക്കുക.
ഇലയിൽ വച്ചിരിക്കുന്ന 6 ഇഞ്ച് നീളമുള്ള ഒൻപത് ദർഭ എടുത്ത്, കഴുകി, അല്പം എള്ള്, പൂവ്, ചന്ദനം എന്നിവ ചേർത്ത് നെഞ്ചോടു ചേർത്ത് തൊഴുത് കണ്ണുകളടച്ച് , ശ്രാദ്ധമൂട്ടുവാൻ പോകുന്ന പിതൃക്കളെ മനസിൽ സങ്കൽപ്പിച്ച് മുഖത്തുഴിഞ്ഞ്
''പീഠം സമർപ്പയാമി"" എന്ന് ചൊല്ലി
തളിച്ച് മെഴുകിയ സ്ഥലത്ത് ദർഭവച്ച് തൊട്ടു തൊഴുക. വീണ്ടും ഒരു പൂവെടുത്ത് ചന്ദനം എള്ള്.പൂവ് എടുത്ത് നെഞ്ചോട് ചേർത്ത് തൊഴുതുപിടിച്ച് ശ്രാദ്ധമൂട്ടുന്ന പിതൃക്കളെ പൂർണമായും മനസിൽ സങ്കൽപ്പിക്കുക.
''ഓം നമോനാരായണായ നമഃ
ഓം ബ്രഹ്മദേവായ നമഃ
ഓം മഹാദേവായ നമഃ""
പിതൃലോകത്തിൽ നിന്നും പിതൃവിനേയും മാതൃപിതൃ പരമ്പരയിൽപെട്ട പിതൃക്കളേയും ജ്ഞാത അഞ്ജാത പിതൃക്കളെയും അമാവാസി ശ്രാദ്ധം ഊട്ടുന്നതിനായി ആവാഹിക്കണം. എല്ലാവരെയും സങ്കൽപ്പിച്ച് മുഖത്ത് മൂന്നു പ്രാവശ്യം ഉഴിയുക.
'ഏഹി ഏഹി ആഗച്ഛാ ആഗച്ഛാ ദർഫാസനേ ആവാഹയാമി" ആ ദർഭയിലേക്ക് വച്ചു തൊട്ടു തൊഴണം. വെള്ളം കൊണ്ട് ഇലയിൽ മൂന്നു പ്രാവശ്യം സമർപ്പിക്കുക. ചന്ദനവും വെള്ളവും കൂടി ചേർത്ത് മൂന്നു പ്രാവശ്യം ''ഗന്ധാഭിഷേകം സമർപ്പയാമി""
എള്ളും തീർത്ഥവും കൂടി ചേർത്ത് തിലാദകം സമർപ്പയാമി. ഒരു പൂവെടുത്ത് മുഖത്തുഴിഞ്ഞ് 'പിതൃപൂജ സമർപ്പയാമി"
ആ ദർഭയിൽ വച്ച് പിതൃവിന്റെ പാദം തൊട്ടു തൊഴുന്നതായി സങ്കൽപ്പിച്ച് തൊഴുക.
വീണ്ടും ഒരു പൂവെടുത്ത് ഗണപതിഭഗവാനെ മനസിൽ ധ്യാനിച്ച് 'ഓം ഗം ഗണപതയേ നമഃ" എന്ന് ചൊല്ലി മുമ്പോട്ടിട്ട് തൊഴുക. വീണ്ടും ഒരു പൂവെടുത്ത് മഹാവിഷ്ണുവിനെ മനസിൽ ധ്യാനിച്ച് 'ഓം നമോ നാരായണായ നമഃ "
പവിത്രം ഊരി പൂവിരിക്കുന്ന ഇലയിൽ വയ്ക്കുക. ചോറിരിക്കുന്ന ഇലയിൽ പഴവും എള്ളും ചേർത്ത് നന്നായിട്ട് ഒരു പിണ്ഡം ഉരുട്ടി എടുക്കുക. അല്പം ചോറ് മാറ്റി വയ്ക്കണം. കൈ ശുദ്ധമാക്കുക. പവിത്രം എടുത്ത് വീണ്ടും ധരിക്കുക. ആ പിണ്ഡം കൈയിലെടുത്ത് അല്പം വെള്ളം ചേർത്ത് നെഞ്ചോടു ചേർത്ത് മരിച്ചവരുടെ പൂർണരൂപം മനസിൽ സങ്കൽപ്പിക്കുക. മരിച്ച ആളുടെ നാള് അല്ലെങ്കിൽ തിഥി, അറിയില്ലെങ്കിൽ തിരുവോണം സങ്കൽപ്പിക്കുക.
''ഓം നമോ നാരായണായ നമഃ, ഓം ബ്രഹ്മദേവായ നമഃ, ഓം മഹേശ്വരായ നമഃ""
ഈ വർഷം കർക്കടക വാവിൽ അമാവാസി ശ്രദ്ധം പിതൃവിനെ ഊട്ടി തൃപ്തിപ്പെടുത്തുന്നു. മനസിൽ സങ്കൽപ്പിച്ച് മുഖത്തുഴിഞ്ഞ് പറയുക 'പിതൃപിണ്ഡം സമർപ്പയാമി" ആ ദർഭയിൽവച്ച് മൂന്നു പ്രാവശ്യം തൊട്ടു തൊഴണം.''പിണ്ഡവന്ദനം സമർപ്പയാമി"". മൂന്നു പ്രവശ്യം നീര് കൊടുക്കണം
''ഗംഗാതീർത്ഥം സമർപ്പയാമി""
വീണ്ടുമൊരു പൂവെടുത്ത് ചന്ദനം എള്ള് ഇവ ചേർത്ത് മുഖത്തുഴിഞ്ഞ് ''തിലഗന്ധസൂനം സമർപ്പയാമി"". പിണ്ഡത്തിനു മുകളിൽ പിതൃവിനെ ചൂടിക്കുന്നതായി സങ്കൽപ്പിച്ച് വയ്ക്കുക, തൊഴുക. ഒരു നൂലെടുത്ത് കഴുകി പിതൃവിനെ വസ്ത്രം ധരിപ്പിക്കുന്നതായി സങ്കൽപ്പിച്ച് പിണ്ഡത്തിന്റെ മുകളിൽ വച്ച് തൊഴണം.
ഇനി ബാക്കിയിരിക്കുന്ന ചോറ് കൈയിലെടുത്ത് കുടുംബത്തിലെ പിതൃക്കളെ മനസിൽ സങ്കൽപ്പിക്കുക എല്ലാ പിതൃക്കളെയും അമാവാസി ശ്രാദ്ധം ഊട്ടി തൃപ്തിപ്പെടുത്തുന്നുവെന്ന് സങ്കൽപ്പിച്ച് ആ പിണ്ഡത്തിനു ചുറ്റും അല്പം ചോറ് ചുറ്റുമായി ഇടുക. മൂന്നു പ്രാവശ്യം കൊണ്ട് തീർക്കുക. വെള്ളം കൊണ്ട് മൂന്നു പ്രവശ്യം തളിക്കുക 'ഗംഗാഭിഷേകം സമർപ്പയാമി" ചന്ദനം കൊണ്ട് മൂന്നു പ്രാവശ്യം. 'ഗന്ധാഭിഷേകം സമർപ്പയാമി" എള്ള് എടുത്ത് മൂന്നു പ്രവശ്യം 'തിലോദകം സമർപ്പയാമി". ഒരു പൂവ് ആരാധിച്ച് തൊഴുക. ബാക്കിയുള്ള എള്ളും പൂവും എടുത്ത് നെഞ്ചോട് ചേർത്ത് കണ്ണുകളടച്ച് മരിച്ചവരെയെല്ലാം മനസിൽ സങ്കൽപ്പിച്ച്
ഓം നമോനാരായണായ നമഃ
ഓം ബ്രഹ്മദേവായ നമഃ
ഓം മഹാദേവായ നമഃ
പിതൃവിനേയും കുടുംബത്തിൽ മരിച്ച മറ്റെല്ലാവരേയും വിഷ്ണുപാദത്തിങ്കൽ ഉദ്ധ്വസിക്കുന്നു എന്ന് സങ്കൽപ്പിച്ച് 'മഹാവിഷ്ണുപാദേ ഉദ്വാസയാമി" എന്നു പറഞ്ഞ് മേലോട്ട് ഇട്ട് തൊഴുത് നമസ്കരിക്കുക. ശേഷം പിണ്ഡം മാത്രം ചോറിരുന്ന ഇലയിലും ബാക്കി എല്ലാം പൂവിരിക്കുന്ന ഇലയിലും വയ്ക്കുക. പവിത്രം ഊരി കെട്ടഴിച്ച് പൂവിരിക്കുന്ന ഇലയിൽ വയ്ക്കുക.
തളിച്ച് ശുദ്ധമാക്കിയയിടത്തോ ചാണകം മെഴുകിയിടത്തോ ആ പിണ്ഡം ആദ്യം കൊണ്ടു വയ്ക്കുക. ഇലകീറി പിണ്ഡത്തിന്റെ രണ്ടു വശവും ഇടുക കിണ്ടി കമിഴ്ത്തി വയ്ക്കണം. കൈകൊട്ടി കാക്കയെ വിളിക്കുക. പിന്നെ കുളിക്കാം.
(ലേഖകൻ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ സഹപുരോഹിതനാണ്)