തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി കൊവിഡിന്റെ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന് ഇനിയുള്ളത് വെല്ലുവിളിയുടെ അതിതീവ്ര ദിനങ്ങൾ. ഈ സാഹചര്യത്തിൽ നിലവിലെ പരിശോധനാ രീതികളിൽ മാറ്റം വരുത്തണമെന്ന് ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനൊപ്പം തീരപ്രദേശങ്ങളിലടക്കം അതിവേഗം രോഗം പടർന്നു പിടിക്കുന്നത് എത്രയും വേഗം നിയന്ത്രണവിധേയമാക്കണമെന്നും സമിതി നിർദ്ദേശിച്ചു. തലസ്ഥാനത്തടക്കം തീരപ്രദേശത്താണ് രോഗത്തിന്റെ തീവ്രത അതിരൂക്ഷം. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലുമാണ് സാമൂഹിക വ്യാപനം ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് സാമൂഹിക വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഈ മേഖലകളിലെ രോഗവ്യാപനം പിടിച്ചുനിറുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതിന്റെ ഭാഗമായിട്ടാണ് ഇക്ബാൽ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകളും പ്രസക്തമാകുന്നത്.
അത്യന്തം ഗൗരവതരം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളിൽ 35 ശതമാനവും പ്രാദേശിക മേഖലകളിൽ നിന്നായിരുന്നുവെന്ന് ഉന്നതാധികാര സമിതി വിലയിരുത്തുന്നു. ഇതിനൊപ്പം മുൻഗണനാ വിഭാഗത്തിൽപെട്ട സെന്റിനൽ സർവൈലൻസിന്റെ ഭാഗമായുള്ള പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയർന്നു. തീരപ്രദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ തുടങ്ങിയവ വഴി എത്തുന്നവരിലൂടെയാണ് ഇപ്പോൾ കൂടുതലും രോഗം വ്യാപിക്കുന്നത്. ഇത് ആശാവഹമല്ല. എല്ലാ മേഖലകളിലും പരിശോധനകൾ കൂട്ടണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ആഗസ്‌റ്റിൽ സംസ്ഥാനത്ത് രോഗവ്യാപനം പാരമ്യതയിലെത്തുമെന്നും തലസ്ഥാനത്ത് ഉണ്ടായ സമൂഹവ്യാപനം സമീപ ഭാവിയിലെ വലിയ വിപത്തിലേക്കുള്ള സൂചകമാണെന്നും സമിതി പറയുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40,000 ആകുമെന്നാണ് നിഗമനം. ഈയാഴ്ച മുതൽ പ്രതിദിന രോഗികളുടെ എണ്ണം 1000നും 1700നും ഇടയിലാകും. ആഗസ്റ്റ് ആദ്യവാരം ഇത് 5000 വരെയും അവസാന ആഴ്ച 17,000 രോഗികൾ വരെയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതീവ ശ്രദ്ധ കൊടുക്കുകയും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതുമായ ദിനങ്ങളാണ് മുന്നിലുള്ളതെന്ന് അർത്ഥം.
ഇപ്പോൾ കൊവിഡിന്റെ പിടിയിൽ ഏറ്റവും കൂടുതൽ അമർന്നിരിക്കുന്നത് അന്യനാടുകളിലും മറ്റ് രാജ്യങ്ങളിൽനിന്നും കൂട്ടത്തോടെ മടങ്ങിയെത്തിയവരുള്ള ജില്ലകളല്ല. മറിച്ച്, തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് പോലുള്ള അതിർത്തി പ്രദേശമുള്ള ജില്ലകളാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്തുണ്ടായ 246 രോഗികളിൽ രണ്ട് പേർ മാത്രമാണ് വിദേശത്ത് നിന്നുവന്നവർ എന്നത് ശ്രദ്ധിച്ചാൽ രോഗവ്യാപനത്തിന്റെ തീവ്രത തലസ്ഥാനത്ത് എത്രത്തോളമുണ്ടെന്ന് മനസിലാക്കാനാവും. റിവേഴ്സ് ക്വാറന്റൈനിലുള്ളവർക്കും രോഗം പകരാനിടയായാൽ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഉയരാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. അങ്ങനെയെങ്കിൽ 0.37 ശതമാനം മാത്രമായ മരണ നിരക്ക് 15-20 ശതമാനത്തിലേക്ക് എത്തും.
കനത്ത വെല്ലുവിളി
പൊതുഇടങ്ങളെല്ലാം വൈറസിന്റെ വ്യാപനകേന്ദ്രങ്ങളായതും രോഗബാധിതരിൽ പകുതിയിലേറെപ്പേരുടെയും ഉറവിടം കണ്ടെത്താനാകാത്തതുമാണ് സർക്കാരിന് വെല്ലുവിളി ആയിരിക്കുന്നത്. മറ്റ് രോഗങ്ങളുള്ളവർക്കും കൊവിഡ് ബാധിക്കുന്നതും സമൂഹവ്യാപനത്തിന്റെ സൂചനയായി സർക്കാർ വിലയിരുത്തുന്നു. ഇപ്പോൾ സംസ്ഥാനത്ത് 84 ക്ളസ്റ്ററുകളാണുള്ളത്. ഇവയെല്ലാം തന്നെ രോഗവ്യാപന സാദ്ധ്യത അതിതീവ്രമായവയാണ്. ശേഷിക്കുന്ന ക്ളസ്റ്ററുകൾ കണ്ടെത്തുകയും പരിശോധനകൾ നടത്തി രോഗികളല്ലാത്തവരെ മാറ്റിപ്പാർപ്പിക്കണമെന്നും ഉന്നതാധികാര സമിതി നിർദ്ദേശിച്ചിട്ടുണ്ട്.