ജൂലായ് അഞ്ചിലെ കേരളകൗമുദി വാരാന്ത്യപ്പതിപ്പിൽ ഡൽഹിയിലെ ഒരു പത്താം ക്ളാസുകാരൻ മൊഹമ്മദ് ചാന്ദിന്റെ ദയനീയ അവസ്ഥയെപ്പറ്റി പ്രസിദ്ധീകരിച്ച ഫീച്ചറാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. കുടുംബം പുലർത്താൻ ഡൽഹിയിലെ ലോക‌് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ശവശരീരങ്ങൾ ഏറ്റുവാങ്ങി സംസ്കരിക്കുന്നതിന് സഹായിയായി പ്രവർത്തിക്കുന്ന മൊഹമ്മദ് ചാന്ദിന്റെ ദയനീയ സ്ഥിതി അത്യന്തം ഹൃദയസ്പർശിയായിരുന്നു. പഠിച്ച് മിടുക്കനായി ഡോക്ടറാകണമെന്നാണ് ചാന്ദിന്റെ ആഗ്രഹം. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി എട്ട് മണി വരെ ശവശരീരങ്ങളുമായി കഴിയേണ്ടിവരുന്ന ഈ പയ്യന്റെ കദനകഥ കേരളകൗമുദിയിലെ വാരാന്ത്യപതിപ്പിൽ നിന്നും വായിച്ചറിഞ്ഞ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മൊഹമ്മദ് ചാന്ദിന്റെ തുടർ പഠനവും സൗജന്യ താമസവും കേരളത്തിൽ തന്നെ ചെയ്തുകൊടുക്കാൻ സന്നദ്ധത കാണിച്ചതു അങ്ങേയറ്റം സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ കേരളകൗമുദിയുടെ പങ്ക് മാതൃകാപരവും ശ്ളാഘനീയവുമാണ്. വായനക്കാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഫീച്ചർ അവതരിപ്പിച്ച ലേഖിക ശരണ്യാ ഭുവനേന്ദ്രൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇതുപോലെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമായ പല സംഭവങ്ങളും കേരളകൗമുദി പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ഇടയ്ക്കോട് കെ. മണികണ്ഠൻനായർ
നേമം
എൽ.ബി.എസ് പരീക്ഷകൾ
എൽ.ബി.എസ് നടത്തുന്ന സെറ്റ് പരീക്ഷകൾ, വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ, എൻട്രൻസ് പരീക്ഷകൾ എല്ലാം ഉടനെ ഓൺലൈൻ രീതിയിലാക്കണം. കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ എൻജിനിയറിംഗ് കോളേജുകളിൽ സുരക്ഷാ മാനദണ്‌ഡങ്ങൾ പാലിച്ച് വേഗത്തിൽ പരീക്ഷകൾ നടത്താൻ വേണ്ടി നിയുക്ത എൽ.ബി.എസ് ചെയർമാൻ നടപടി സ്വീകരിക്കണം.
ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം