തിരുവനന്തപുരം: കവടിയാർ - അമ്പലമുക്ക് റോഡിലുള്ള കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. ഒരു കട ഭാഗികമായും നശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് രാജധാനി വിൻസർ ഹോട്ടലിന് എതിർവശത്തുള്ള കെട്ടിടത്തിലെ ക്രസന്റ് ഫാസ്റ്റ് ഫുഡ്, ടെലിമെക് ഇലട്രോണിക്സ് സർവീസ് സെന്റർ, ശ്രീസായി കമ്മ്യൂണിക്കേഷൻസ് എന്നീ സ്ഥാപനങ്ങൾക്ക് തീപിടിച്ചത്. ഇതിനോട് ചേർന്നുള്ള എസാർ ജ്യൂസ് കോർണർ ഭാഗികമായും നശിച്ചു.
അപകടത്തിനിടെ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് തീപടരാൻ കാരണമായി. ഫയർഫോഴ്സ് മണിക്കൂറുകൾ ശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ഉണ്ടായത് വൻ തീപിടിത്തം
പുലർച്ചെ നടക്കാനിറങ്ങിയവരാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. മൺകട്ടകൾ കെട്ടി ഓടുമേഞ്ഞ പഴയ കെട്ടിടത്തിന് മുന്നിലുള്ള റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മറുവശത്തായാണ് ഇലക്ട്രോണിക്സ് സർവീസ് സെന്ററും ഫോട്ടോസ്റ്റാറ്റ് കടയും പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ റസ്റ്റോറന്റിലെ എട്ട് ഗ്യാസ് സിലിണ്ടറുകളിൽ രണ്ടെണ്ണം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെ വൻ തീഗോളം ഉയർന്ന് മറ്റിടങ്ങളിലേക്ക് പടർന്നു.
റസ്റ്റോറന്റിലുണ്ടായിരുന്ന ഫ്രീസറുകളും ഫർണിച്ചറുകളുമടക്കം മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി. ഇലക്ട്രോണിക് സർവീസ് സെന്ററിലുണ്ടായിരുന്ന മുന്നൂറ് എൽ.സി.ഡി ടി.വികളും കത്തി നശിച്ചു. ഫോട്ടോസ്റ്റാറ്റ് കടയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും കമ്പ്യൂട്ടറുമടക്കം കത്തിപ്പോയി. പഴയ കെട്ടിടത്തിലെ തടി കൊണ്ടുള്ള സീലിംഗ്, മേൽക്കൂര, ജനൽവാതിലുകളും നശിച്ചു. ചുവരുകൾ പൊട്ടിയിളകി. 4000 സ്ക്വയർഫീറ്റുള്ള കെട്ടിടമാണ് അഗ്നിക്കിരയായത്.
മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം
ഫയർ ഫോഴ്സിന്റെ നാല് യൂണിറ്റും ചാക്കയിൽ നിന്നുള്ള വാട്ടർ ബൗസർ യൂണിറ്റും മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഫയർ ഫോഴ്സ് എത്തിയപ്പോൾ തന്നെ കട ഏറക്കുറെ കത്തിയിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. മണ്ണാമൂല സ്വദേശി പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അബ്ദുൽ റഹിമാനാണ് ഹോട്ടലിന്റെ ഉടമ. പ്രദീപ് ഇലക്ട്രോണിക്സ് കടയുടെയും, സുഗതൻ ഫോട്ടോസ്റ്റാറ്റ് കടയുടെയും ഉടമയാണ്.
സ്റ്റേഷൻ ഓഫീസർ പ്രവീൺ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു, ഫയർമാന്മാരായ റീഗൺ, ഷിജു, എബിൻ, മഹേഷ് കുമാർ, അഭിലാഷ്, അനീഷ്, കിരൺ, മിഥുൻ, റോഷൻ രാജ്, ഡ്രൈവർമാരായ അജിത്ത്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്.