sathyan-mla-nirvahikkunnu
വൈദ്യുതി ലഭിച്ച ഒറ്റൂർ ഞായൽ കോളനി ചരുവിളവീട്ടിൽ നിഷയുടെ വീടിന് അഡ്വ.ബി.സത്യൻ എം.എൽ.എ ഫ്യൂസ് ഘടിപ്പിച്ച് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു

കല്ലമ്പലം: കിട്ടാക്കനിയായ വൈദ്യുതി മക്കളുടെ ഓൺലൈൻ പഠനം മുടക്കിയപ്പോൾ പിടഞ്ഞ അമ്മ മനസിന് സഹായ ഹസ്തവുമായി അഡ്വ. ബി. സത്യൻ എം.എൽ.എ. ഒറ്റൂർ ഞായൽ കോളനി ചരുവിളവീട്ടിൽ നിഷയുടെ മക്കളായ ഷാനിയുടെയും (16), ഷാനിന്റെയും (15) ഓൺലൈൻ പഠനത്തിനാണ് വൈദ്യുതി വില്ലനായത്.

ഞെക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയ ക്ലാസ് ടീച്ചർ മഞ്ജു മുൻകൈയെടുത്ത് സ്‌മാർട്ട് ഫോൺ വാങ്ങി നൽകിയെങ്കിലും ചാർജ് ചെയ്യാൻ വീട്ടിൽ വൈദ്യുതിയില്ല. തകരഷീറ്റുകൊണ്ട് നിർമ്മിച്ച വീടിന് ചുവരില്ല. ഇതായിരുന്നു വൈദ്യുതി ലഭിക്കാൻ തടസമായത്.

ഭൂമി സംബന്ധിച്ച് കുടുംബാംഗങ്ങളുമായി തർക്കമുള്ളതിനാൽ നിഷയുടെ കൈയിൽ ആധികാരിക രേഖകളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് ബി. സത്യൻ എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് കെ.എസ്.ഇ.ബി ആറ്റിങ്ങൽ എക്സിക്യൂട്ടിവ് എൻജിനിയർ ബിജുവുമായി എം.എൽ.എ സംസാരിച്ചു. ആറ്റിങ്ങൽ ഡിവിഷൻ ഓഫീസ് ജീവനക്കാർ വയറിംഗ് പൂർത്തിയാക്കി. മീറ്ററും സ്വിച്ച് ബോർഡും ഘടിപ്പിക്കുന്നതിന് വീടിന്റെ ഒരു ഭാഗത്ത് കല്ലമ്പലം സെക്ഷൻ ഉദ്യോഗസ്ഥർ താബൂക്ക് കെട്ടി 24 മണിക്കൂറിനകം കണക്ഷനും നൽകി.

ഇതിന്റെ സ്വിച്ച് ഓൺ കർമ്മം ഫ്യൂസ് ഘടിപ്പിച്ച് ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.

ആറ്റിങ്ങൽ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ ബിജു, ജീവനക്കാരൻ ഷാജഹാൻ, കല്ലമ്പലം എ.ഇ ഹരീഷ്, സബ് എൻജിനിയർ അജിത്ത്, ക്ലാസ് ടീച്ചർ മഞ്ജു, മറ്റ് അദ്ധ്യാപകർ, ഒറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സത്യരാജ് എന്നിവർ പങ്കെടുത്തു. നിഷയ്‌ക്കും കുടുംബത്തിനുമുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പരിശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു.