കൃത്യമായി പറഞ്ഞാൽ ഏഴുവർഷം മുൻപേ പൂർത്തീകരിക്കേണ്ടതായിരുന്നു കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി. എണ്ണമറ്റ പ്രതിസന്ധികൾ കടന്ന് അത് രണ്ടാഴ്ചയ്ക്കകം ലക്ഷ്യത്തിലെത്താൻ പോവുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ളാദകരമായ മുഹൂർത്തം. കാരണം ഈ മെഗാ പദ്ധതി പ്രവർത്തനക്ഷമമാകുന്നതും കാത്ത് സങ്കുചിത - രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലാത്ത ജനവിഭാഗങ്ങൾ ഏറെനാളായി അക്ഷമരായി ഇരിക്കുകയായിരുന്നു. കൊച്ചിയിലെ വൈപ്പിനിൽ പ്രകൃതി വാതക ടെർമിനൽ നിലവിൽ വന്നിട്ട് വർഷങ്ങളായി. എണ്ണ ഉത്‌പാദക രാജ്യങ്ങളിൽ നിന്ന് ടെർമിനലിൽ എത്തിക്കുന്ന പ്രകൃതി വാതകം അവിടെ നിന്ന് പൈപ്പ് വഴി മംഗലാപുരത്തേക്കും തമിഴ്‌നാട്ടിലേക്കും കൊണ്ടുപോയി വ്യവസായശാലകൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൂട്ടത്തിൽ കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പാചകാവശ്യത്തിനുള്ള വാതകം നൽകാനുള്ള പദ്ധതിയും ആവിഷ്കരിച്ചിരുന്നു. എന്നാൽ പരിമിതമായ തോതിൽ എറണാകുളത്തെ കുറച്ചു വീടുകളിൽ മാത്രമേ ഇതുവരെ പൈപ്പ് ലൈൻ ചെന്നെത്തിയിട്ടുള്ളൂ. പാചക വാതകമായി മാത്രമല്ല, വാഹനങ്ങൾക്കുള്ള ഇന്ധനമായും പ്രകൃതി വാതകം ഉപയോഗിക്കാൻ കഴിയും. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ സി.എൻ.ജിയിലേക്കു മാറുമ്പോൾ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകും. പെട്രോളിനും ഡീസലിനും വേണ്ടി ചെലവാക്കുന്നതിന്റെ പകുതി പോലും സി.എൻ.ജിക്കു വേണ്ടിവരില്ലെന്നാണു കണക്ക്. ഇത് വാഹനങ്ങളുടെ കാര്യം. പ്രകൃതിവാതകം വൻതോതിൽ ഉപയോഗപ്പെടുത്തുന്നതോടെ അതിന്റെ നികുതിയിനത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനം അളവറ്റതാണ്. ആയിരം കോടി മുതൽ 1500 കോടി രൂപ വരെ ഒരു വർഷം നികുതി ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണക്കാക്കിയിരുന്നു. നിർദ്ദിഷ്ട സമയത്ത് പദ്ധതി പൂർത്തിയായിരുന്നുവെങ്കിൽ ഇതിനകം കോടാനുകോടികൾ ഖജനാവിൽ എത്തേണ്ടതായിരുന്നു.
ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ (ഗെയിൽ) യുടെ ഈ മെഗാ പദ്ധതി ദീർഘകാലം വഴിയിൽ കിടന്നുപോകാൻ കാരണം പൈപ്പ് ലൈൻ കടന്നുപോകേണ്ട പ്രദേശങ്ങളിൽ നിന്നുയർന്ന എതിർപ്പും പ്രതിഷേധവുമാണ്. മുൻ സർക്കാർ കൂടി പ്രതിഷേധക്കാർക്കൊപ്പം ചേർന്നതോടെ പദ്ധതി പൂർണമായും നിലച്ചു. വാതക പൈപ്പ് ലൈൻ ജീവനും സ്വത്തിനും വലിയ ഭീഷണിയായിത്തീരുമെന്ന കള്ളപ്രചാരണം വഴി പ്രദേശവാസികളെ സമരത്തിനിറക്കാൻ നിക്ഷിപ്ത താത്‌പര്യക്കാർക്കു എളുപ്പം സാധിച്ചു. വോട്ടുബാങ്കിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാർ കൂടി അവർക്കൊപ്പം ചേർന്നതോടെ സംസ്ഥാനത്ത് പുതിയൊരു വ്യവസായ വിപ്ളവത്തിനു തന്നെ സാദ്ധ്യമാകുമായിരുന്ന നല്ല അവസരമാണ് ഇല്ലാതായത്. നിലവിൽ എൽ.പി.ജി ഉപയോഗിക്കുന്ന വ്യവസായ ശാലകൾക്കെല്ലാം അഭൂതപൂർവമായ നേട്ടമുണ്ടാക്കാൻ സഹായിക്കുന്നതായിരുന്നു സി.എൻ.ജിയിലേക്കുള്ള മാറ്റം. എൽ.പി.ജിയിൽ നിന്ന് പ്രകൃതി വാതകത്തിലേക്കു മാറുമ്പോൾ കിലോഗ്രാമിന് പതിനഞ്ചോ അതിലേറെയോ ലാഭമാകും ഉണ്ടാകുന്നത്. പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ വലുതും ചെറുതുമായ ധാരാളം വ്യവസായശാലകൾ ആരംഭിക്കാനും അവസരമുണ്ടായിരുന്നു.
തുടക്കത്തിലേ പാളം തെറ്റിക്കിടന്ന പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി എല്ലാ എതിർപ്പുകളും തട്ടിനീക്കി ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃഢനിശ്ചയത്തിന്റെ സാക്ഷാത്‌കാരമാണ് ഇപ്പോൾ കാണാനാവുന്നത്. രണ്ടാഴ്ചയ്ക്കകം പദ്ധതി പൂർത്തിയാകുമെന്നും തുടർന്ന് പ്രവർത്തനക്ഷമതാ പരീക്ഷണം തുടങ്ങുമെന്നും രണ്ടുദിവസം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്കടിയിലൂടെ പൈപ്പ് അപ്പുറത്തെത്തിക്കാനുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്. പുഴയുടെ മറുഭാഗത്ത് പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. രണ്ടറ്റവും കൂട്ടിയോജിപ്പിക്കുന്ന പണി കൂടി പൂർത്തിയായാൽ വാതകം കടത്തിവിട്ട് പരിശോധന തുടങ്ങാനാവും. കൊച്ചി എൽ.എൻ.ജി ടെർമിനലിൽ നിന്നു തുടങ്ങുന്ന പൈപ്പ് ലൈൻ തൃശൂരിലെ കൂറ്റനാടു വച്ച് രണ്ടായി പിരിഞ്ഞ് ഒന്നു മംഗലാപുരത്തേക്കും മറ്റൊന്ന് തമിഴ്‌നാട്ടിലേക്കുമാണ് പോകുന്നത്. ഇതിൽ തമിഴ്‌നാട് ഭാഗത്തേക്കുള്ള ലൈൻ വാളയാർ വരെ പ്രവർത്തനസജ്ജമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വാതക പൈപ്പ് ലൈൻ നീട്ടാൻ ലക്ഷ്യമിട്ടിരുന്നു. ഗാർഹിക കണക്ഷൻ വ്യാപകമാകുന്നതോടെ ഉപഭോഗം വർദ്ധിപ്പിക്കാനാകും. കൊച്ചി മുതൽ കാസർകോട് വരെ വാതക വിതരണം സുഗമമാക്കാൻ 28 സബ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ വ്യവസായങ്ങൾക്ക് ഇവ വഴിയാകും വാതകം ലഭ്യമാക്കുക. തെക്കൻ ജില്ലകളിലേക്കു പൈപ്പ് ലൈൻ നീട്ടാൻ വൈതരണികൾ ഏറെയുണ്ട്. വിശദമായ പദ്ധതി ഇതിനായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രായോഗിക തടസങ്ങൾ അധികമാണ്. നേരത്തെ നടപ്പിലായെങ്കിൽ കായംകുളം താപനിലയം ഉൾപ്പെടെയുള്ളവയ്ക്ക് അത് ഗുണകരമാകുമായിരുന്നു. നാഫ്ത ഉപയോഗിച്ചു പ്രവർത്തിക്കുന്ന കായംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതിക്കു വില കൂടുതലായതിനാൽ വാങ്ങാൻ ആളില്ല. നിലയം അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പോലെ കൊച്ചി പുതുവൈപ്പിലെ എൽ.പി.ജി ടെർമിനലിന്റെ നിർമ്മാണവും പ്രാദേശികമായ എതിർപ്പുകളെത്തുടർന്ന് സ്തംഭനാവസ്ഥയിലായിരുന്നു. എൽ.പി.ജി സംഭരണി പൊട്ടിത്തെറിക്കുമെന്നും ആ പ്രദേശം തന്നെ ചാമ്പലാകുമെന്നും പ്രചരിപ്പിച്ചാണ് അതിന്റെ പണി തടഞ്ഞത്. നാടിന്റെ വികസനത്തിനു ഗുണകരമായ ഏതു വലിയ പദ്ധതി വന്നാലും അതിനെ എതിർത്തു തോല്പിക്കാൻ ഇവിടെ ധാരാളം പേരുണ്ടാകും. ദേശീയപാത വികസനം ഉൾപ്പെടെ എത്രയെത്ര വമ്പൻ പദ്ധതികളാണ് ശാപമോക്ഷം കാത്തുകിടക്കുന്നത്. വികസനത്തിലൂടെ മാത്രമേ നാട് പുരോഗതി പ്രാപിക്കുകയുള്ളൂ എന്ന് ഏവർക്കും അറിയാം. ഓരോ മെഗാ പദ്ധതിയും ഒട്ടേറെ പേർക്ക് തൊഴിൽ നൽകാൻ പര്യാപ്തമായവയാണ്. ദേശീയപാത വികസനം പത്തുവർഷം മുമ്പെങ്കിലും പൂർത്തിയായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ മൊത്തം മുഖച്ഛായ തന്നെ മാറിപ്പോയേനെ. അടുത്ത കാലത്ത് രൂപംകൊണ്ട സംസ്ഥാനത്തെ ബൈപാസുകൾ നോക്കിയാലറിയാം മാറ്റത്തിന്റെ ത്രിമാന ചിത്രം. കാടും പടലും ചതുപ്പും വെള്ളവുമായികിടന്ന പ്രദേശങ്ങൾ വികസിപ്പിച്ചെടുത്തതോടെ ആയിരക്കണക്കിനു സ്ഥാപനങ്ങളാണ് അവിടങ്ങളിൽ പിറവി കൊണ്ടത്. രാഷ്ട്രീയ കക്ഷികൾ വികസനത്തോടും പുരോഗതിയോടുമുള്ള തങ്ങളുടെ കാഴ്ചപ്പാടിൽ കാലാനുസൃതമായ മാറ്റത്തിനു തയ്യാറായാൽ മാത്രമേ നാടിനും ജനങ്ങൾക്കും ഗുണമുണ്ടാവൂ.