photo

പാലോട്: കൃഷി വകുപ്പിന്റെ ഒരു മുറം പച്ചക്കറി കൃഷിക്ക് പച്ചമല കൃഷിയിടത്തിൽ തുടക്കമായി. കേരളകൗമുദിയുടെ നേതൃത്വത്തിൽ ഇക്ബാൽ കോളേജിലെ 2004 - 2007 ബി.കോം പൂർവ വിദ്യാർത്ഥി സംഘടനയായ 'സ്മൃതി", നന്ദിയോട് കൃഷി ഭവൻ, ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾ, വാഹന ഡീലർ ധനശ്രീ ഹോണ്ട എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. കൃഷിയിറക്കലിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ നിർവഹിച്ചു. കൃഷിയിടത്തിന്റെ പരിചരണം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ പറഞ്ഞു.

എം.വി. ഷിജുമോൻ, അഭിലാഷ്, ധനശ്രീ ഹോണ്ട മാനേജിംഗ് ഡയറക്ടർ അഭിലാഷ് രാജൻ, അനീഷ് പേരയം, ബിനു പാലോട്, സബിൻ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികൾക്കുള്ള മാസ്‌കുകളും സാനിറ്റൈസറും നന്ദിയോട് ഡി.പി ആശുപത്രി നൽകും.
രണ്ട് ഹെക്ടറിലെ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ കൃഷിക്ക് ഭൂമി ഇല്ലാത്തവർക്ക് ഓണക്കാലത്ത് സൗജന്യമായി നൽകും. സ്‌മൃതിയും കേരളകൗമുദിയുമായി ചേർന്ന് നിർദ്ധന വിദ്യാർത്ഥികൾക്കായി പത്ത് ടി.വി, ടാബുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്‌തിരുന്നു.