കിളിമാനൂർ :കാറിലിരുന്ന മൂന്ന് വയസുകാരിയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. മലയ്ക്കൽ രജി ഭവനിൽ രജി (32) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ഉച്ചയോടെ പുതിയകാവ് മാർക്കറ്റിന് സമീപത്തുവച്ചാണ് മാല പൊട്ടിച്ചത്. കിളിമാനൂർ പൊലീസാണ് പിടികൂടിയത്. സരള ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻവന്ന കാട്ടുംപുറം സ്വദേശി ജയേഷ് മകളെ കാറിൽ ഇരുത്തിയ ശേഷം ആശുപത്രിയിലേക്ക് പോയി. ഈ സമയം, ഒരു പവൻ വരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു കള്ളൻ. പെട്ടെന്ന് തിരിച്ചെത്തിയ പിതാവിനോട് കുട്ടി വിവരം പറയുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സമീപത്തെ സി.സി ടിവി പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഐ.എസ്.എച്ച്.ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. പ്രജു, എ. എസ് .ഐ സുരേഷ്, സി പി ഒ മാരായ സുജിത്ത്, റിയാസ്, സജിത്ത് എന്നിവർ നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു.