വർക്കല: മാറിമാറി വരുന്ന ജനപ്രതിനിധികൾ അവഗണിച്ചതോടെ ഹരിഹരപുരം ഗ്രാമം വികസന മുരടിപ്പിൽ. പൊതുസ്ഥാപനങ്ങൾ അധികം ഇല്ലാത്തതും ഗതാഗത സൗകര്യങ്ങളുടെ കുറവുമാണ് ഗ്രാമത്തെ പിന്നോട്ടടിക്കുന്നത്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവനന്തപുരം- കൊല്ലം ജില്ലാ അതിർത്തിയിലുള്ള ഗ്രാമമാണ് ഹരിഹരപുരം. ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഇവിടം ഒരുകാലത്ത് കായൽ മത്സ്യങ്ങളുടെ വിപണനത്തിനും കയർ മേഖലയിലും ഏറെ ശ്രദ്ധേയമായിരുന്നു. മുമ്പ് ധാരാളം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും ഇന്നത് നാമമാത്രമാണ്. ഹരിഹരപുരം യു.പി സ്കൂൾ തോണിപ്പാറ, പ്രാഥമികാരോഗ്യ കേന്ദ്രം, നാമമാത്രമായ അങ്കണവാടികൾ എന്നിവ മാത്രമാണ് ഇവിടുത്തെ പൊതു സ്ഥാപനങ്ങൾ. ബാങ്കിംഗ് സൗകര്യങ്ങൾ തീരെയില്ല. സർക്കാരിന്റെ പല പദ്ധതികളും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
പശ്ചാത്തല സൗകര്യങ്ങളും മുരടിച്ചു
നീരുറവകളുടെ നാട് കൂടിയാണ് ഹരിഹരപുരം. എന്നാലും കുടിവെള്ളക്ഷാമം പലപ്പോഴും കുടിവെള്ള ക്ഷാമം വളരെ രൂക്ഷമാണ്. 25ഓളം നീരുറവകൾ പ്രദേശത്തുണ്ടെങ്കിലും ഇവയെ സംരക്ഷിച്ച് നിറുത്തുന്നതിനും നടപടിയില്ല. നെൽപ്പാടങ്ങളും സമൃദ്ധമായുണ്ടായിരുന്ന ഇവിടെ ഇന്നവയെല്ലാം ഓർമ്മകൾ മാത്രമാണ്. ഇരുന്നൂറ് ഹെക്ടർ നെൽപ്പാടമാണ് തരിശായി മാറിയത്. ഇവയെല്ലാം തിരികെക്കൊണ്ടുവന്നാലേ ഗ്രാമത്തിന്റെ വികസനം സാദ്ധ്യമാകൂ.
ടൂറിസത്തിനും സാദ്ധ്യത
പ്രകൃതി സൗന്ദര്യം ഏറെയുള്ള ഹരിഹരപുരം തെങ്ങിൻതോപ്പുകളും വിശാലമായ കായൽപരപ്പുകളാലും നിറഞ്ഞതാണ്. കായൽപ്പുറം, പള്ളിത്തൊടി, കല്ലാഴിത്തൊടി, തൂമ്പിത്തൊടി എന്നീ കായലോര പ്രദേശങ്ങളിൽ ടൂറിസത്തിന് അനന്തസാദ്ധ്യതകളാണ്.
ബോട്ടിംഗിനും സാഹസിക ടൂറിസത്തിനും അനുയോജ്യമാണ് ഹരിഹരപുരം കായലുകൾ. കായൽമത്സ്യങ്ങളുടെ കയറ്റുമതി കേന്ദ്രം കൂടിയായിരുന്നു ഇവിടം. ചാമ്പ വള്ളങ്ങളുടെയും സഞ്ചാരമേഖലയായ ഹരിഹരപുരം ഇന്ന് തീർത്തും വിജനമാണ് .
......................
മാറി വരുന്ന സർക്കാരുകൾ ഹരിഹരപുരം എന്ന കൊച്ചുഗ്രാമത്തിന്റെ വികസന കാര്യത്തിൽ കടുത്ത അലംഭാവമാണ് കാട്ടുന്നത്. ഇനിയെങ്കിലും ജനപ്രതിനിധികൾ ഹരിഹരപുരത്തിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം
ഡഗ്ലസ് വി. ഹരിഹരപുരം പൊതുപ്രവർത്തകൻ