malayinkil

മലയിൻകീഴ്: വർഷങ്ങളായി തകർന്ന് കിടക്കുന്ന മലയിൻകീഴ് ഗവ. സ്കൂൾ - കോളേജ് റോ‌ഡിലൂടെയുള്ള ദുരിത യാത്രയ്ക്ക് വിരാമമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ കേരളകൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റോഡിന്റെ ടാറിംഗ്, ഓട നിർമ്മിക്കൽ, അനുബന്ധ പണികൾ എന്നിവയ്ക്ക് 2 കോടി രൂപ അനുവദിച്ചതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. റോഡ് നവീകരണ പ്രവർത്തനത്തിന് മുന്നോടിയായി ഓട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായി. നിലവിൽ മലയിൻകീഴ് ബി.എസ്.എൻ.എൽ സ്ഥിതി ചെയ്യുന്നിടം മുതൽ കോളേജ് വരെ അപകടക്കെണിയായി കിടക്കുകയാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി, കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക റോഡിലാണ് വൻകുഴികൾ രൂപപ്പെട്ടിട്ടുള്ളത്. പ്രധാന റോഡിലും സ്കൂൾ റോഡിലും ഓടയില്ല. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗവും ഗവ. ഐ.ടി.ഐയും പ്രവർത്തനമാരംഭിച്ചപ്പോൾ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. വിദ്യാർത്ഥികളുടെ യാത്രാദുരിതം കണ്ട് യുവജനസംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുൻപ് കുഴികളിൽ സിമന്റിട്ട് ഉറപ്പിച്ചിരുന്നെങ്കിലും മഴവെള്ളത്തിന്റെ ഒഴുക്കിൽ അവയെല്ലാം ഒലിച്ചുപോയി. മലയിൻകീഴിലെ ഉയർന്ന പ്രദേശമായ ആനപ്പാറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിൽ നിന്നെത്തുന്ന മഴവെള്ളം ഒഴുകി പോകുന്നതിന് നൂതന രീതിയിലുള്ള ഓട നിർമ്മിക്കുന്നെന്ന് അധികൃതർ അറിയിച്ചു.

മഴപെയ്താൽ കുളം

സ്കൂൾ, കോളേജ്, ഐ.ടി.ഐ എന്നിവ സ്ഥിതി ചെയ്യുന്ന ഉയർന്ന ഭാഗത്ത് നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം പതിച്ചാണ്
റോഡാകെ തകർന്നത്. കുത്തിയൊലിച്ചിറങ്ങുന്ന മഴവെള്ളം ചെളിയും കല്ലുമൊക്കെയായി
പ്രധാനറോഡിലാണ് (മലയിൻകീഴ് - കാട്ടാക്കട) എത്തിച്ചേരുന്നത്. ഇപ്പോഴും മഴപെയ്താലുടൻ ഈ റോഡ് കുളമാകും. ചെളിയും മണ്ണും റോഡിൽ കെട്ടിക്കിടന്ന് വൻ തിട്ടകൾ രൂപപ്പെടും. ജെ.സി.ബി ഉപയോഗിച്ച് ഇവ നീക്കം ചെയ്യുമെങ്കിലും മഴപെയ്യുമ്പോൾ വീണ്ടും പഴയപടിയാകും.

അനുവദിച്ചത് - 2 കോടി രൂപ

നവീകരിക്കുന്നത് - 1.5 കി.മീ