കിളിമാനൂർ: കൊട്ടിഘോഷിച്ച് നാടാകെ സ്ഥാപിച്ച സി.സി ടിവി കാമറകൾ നോക്കുകുത്തികളായിട്ടും അധികൃതർക്ക് കുലുക്കമില്ല. കിളിമാനൂർ മേഖലയിൽ മോഷണങ്ങളും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായിട്ടും പുതിയ കാമറകൾ സ്ഥാപിക്കുന്നതും നിലവിലുള്ള കാമറകളുടെ അറ്റകുറ്റപ്പണികളും സമയത്ത് നടക്കുന്നില്ല. കിളിമാനൂർ പ്രദേശത്ത് വ്യവസായികളുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തിൽ മുപ്പതോളം കാമറകളാണ് സ്ഥാപിച്ചത്. അതിൽ പലതും ഇപ്പോൾ പ്രവർത്തന രഹിതമാണ്. ബാക്കിയുള്ളവയാകട്ടെ കൃത്യമായ പരിശോധന ഇല്ലാത്തതിനാൽ ഉദ്ദേശിച്ച ഫലം ചെയ്യുന്നുമില്ല. കാമറകളെ ഏകോപിപ്പിച്ചുള്ള ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലാണ് മോണിറ്രറിംഗ് ചെയ്യുന്നത്. എന്നാൽ കാമറകൾ കേടായതിനാൽ ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ഇവർക്കും കഴിയാറില്ല. പല കുറ്റകൃത്യങ്ങളുടെയും വിലപ്പെട്ട തെളിവുളാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം കിളിമാനൂരിലെ അഞ്ചോളം കടകളിലാണ് മോഷണം നടന്നത്. രണ്ടാഴ്ച മുമ്പ് പുതിയകാവ് ക്ഷേത്രത്തിലെ കാണിക്കയും മോഷ്ടിച്ചിരുന്നു. ഈ കേസുകളിലെ പ്രതികളെയൊന്നും ഇതുവരെ പിടികൂടാൻ സാധിച്ചില്ല. കാമറകളുടെ പ്രവർത്തനം കൃത്യമായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മുഴുവൻ കാമറകളും പ്രവർത്തന സജ്ജമാക്കി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ബസ് സ്റ്റാൻഡിനകത്തും രക്ഷയില്ല
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രയോജനം ചെയ്യുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സ്റ്റാൻഡിനകത്ത് പരസ്യ മദ്യപാനവും മദ്യപാനികളുടെ തമ്മിൽത്തല്ലും പതിവ് സംഭവണ്. യാത്രക്കാർക്കും ബസുകൾക്കും സ്റ്റാൻഡിനുള്ളിൽ കയറാനാകാത്ത വിധം ആട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ സ്റ്റാൻഡിന് മുന്നിൽ പാർക്ക് ചെയ്യുന്നതും പതിവാണ്. കാമറകളുടെ മോണിറ്രറിംഗ് കൃത്യമാണെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
.................................................
കെ.എസ്.ടി.പി യുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം നടന്നതുകൊണ്ട് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് മോണിറ്ററിംഗ് സംവിധാനം ഊർജിതപ്പെടുത്തും.
കെ.ബി.മനോജ് കുമാർ, ഐ.എസ്.എച്ച്.ഒ കിളിമാനൂർ
സ്ഥാപിച്ചത് 30ഓളം കാമറകൾ
പലതും പ്രവർത്തനമില്ല
അറ്റകുറ്റപ്പണികൾ നടക്കുന്നില്ല
മോണിറ്ററിംഗും പാളി
കുറ്റകൃത്യങ്ങൾ പെരുകുന്നു
തെളിവുകൾ നഷ്ടപ്പെടുന്നു