തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കിയതോടെ വ്യാപനം തടഞ്ഞ് ചികിത്സ ഉറപ്പാക്കാൻ ക്ലസ്റ്റർ കെയർ പദ്ധതി നടപ്പാക്കും. ക്ലസ്റ്ററുകൾക്ക് പിന്നാലെ സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും മാറുന്ന സാഹചര്യമാണുള്ളത്. കൂടുതൽ വ്യാപനമുണ്ടാകാതെ നിലവിലുള്ള ക്ലസ്റ്ററിനുള്ളിൽ തന്നെ പരിശോധനയും ചികിത്സയും ക്വാറൻൈനും ശക്തമാക്കുകയാണ് ലക്ഷ്യം. 70 ആക്ടീവും 17കണ്ടെയ്ന്റുമുൾപ്പെടെ സംസ്ഥാനത്ത് നിലവിൽ 87 ക്ലസ്റ്ററുകളാണുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
എന്താണ് ക്ലസ്റ്റർ
പ്രത്യേക മേഖലയിൽ അപ്രതീക്ഷിതമായി വൻതോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നത്. സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ള ഘട്ടമാണിത്. ഉറവിടമറിയാത്ത ഒന്നും പരസ്പര ബന്ധമില്ലാത്ത രണ്ടിൽ കൂടുതലും കേസുകളുമുണ്ടാകുമ്പോഴാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്. മാർക്കറ്റ്, ആശുപത്രികൾ, തീരദേശം, സ്ഥാപനങ്ങൾ, വാർഡ്, പഞ്ചായത്ത്, ട്രൈബൽ മേഖല തുടങ്ങിയവയെല്ലാം ക്ലസ്റ്ററുകൾക്ക് കാരണമാകും. പ്രത്യേക മേഖലയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരിലായിരിക്കും കൂട്ടത്തോടെ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടാവുക.
ക്ലസ്റ്റർ മാനേജ്മെന്റ്
ഒരു പ്രദേശം ക്ലസ്റ്ററായാൽ റാപ്പിഡ് റെസ്പോൺസ് ടീം അവിടെ സജ്ജമാക്കും. ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആശാവർക്കർ, വാർഡ് മെമ്പർ, വോളന്റിയർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീക്കാർ എന്നിവരടങ്ങുന്നതാണ് സംഘം.
നിയന്ത്രണ രൂപരേഖ
ക്ലസ്റ്ററിൽ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിംഗ്, ടെസ്റ്റിംഗ്, ഐസൊലേഷൻ എന്നിവയടങ്ങിയ ക്ലസ്റ്റർ രൂപരേഖ. ചെക്ക് ലിസ്റ്റുപയോഗിച്ച് ആർ.ആർ.ടി ടീം കോണ്ടാക്ട് ട്രെയിസിംഗിലൂടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുള്ളവരെ കണ്ടെത്തി പ്രദേശത്ത് പരമാവധി പരിശോധന നടത്തും.
പോസിറ്റീവായവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവായവരെ ക്വാറന്റൈനിലുമാക്കും. അവസാനം രോഗം സ്ഥിരീകരിച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ കേസുകളില്ലെന്ന് ഉറപ്പാക്കിയാൽ ക്ലസ്റ്ററിൽ നിന്നൊഴിവാക്കും.
കൺട്രോൾ റൂം
കൺട്രോൾ റൂമാണ് ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കും. ലോക്ക്ഡൗണാക്കി ജനങ്ങളെ ക്വാറന്റൈനിലാക്കും. രോഗലക്ഷണം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിക്കണം.
'കേരളം തുടർന്ന ജാഗ്രതയും പ്രതിരോധങ്ങളും തുടർന്നില്ലെങ്കിൽ തൊട്ടടുത്ത സംസ്ഥാനങ്ങളിലുള്ളതുപോലെ പ്രതിദിന മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. എല്ലാവരും സഹകരിക്കണം".
- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി