b-sathyan
ബി.സത്യൻ

തിരുവനന്തപുരം: കൊവിഡ് ഭീഷണി കേരളത്തിൽ ഏറിവരുമ്പോഴും രോഗം റിപ്പോർട്ട് ചെയ്തതു മുതൽ തുടർന്നുവന്ന അതീവ ജാഗ്രതയും ശ്രദ്ധയുമാണ് ആറ്റിങ്ങലിൽ രോഗത്തെ പ്രതിരോധിക്കാനായതെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ആറ്റിങ്ങലിലെ പഞ്ചായത്തുകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ രോഗപ്രതിരോധത്തിന് ഒരുമിച്ച് കൈകോർത്തുവെന്നും അദ്ദേഹം 'കേരളകൗമുദി ഫ്ളാഷി'നോട് പറഞ്ഞു.

ഒറ്റക്കെട്ടായി പ്രതിരോധം

രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ പ്രതിരോധത്തിനുള്ള മുൻകരുതലുകൾ എല്ലാം സ്വീകരിച്ചിരുന്നു. 9 ഗ്രാമപഞ്ചായത്തുകളിലും 10 തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പഴുതില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് ആദ്യം മുതലേ സ്വീകരിച്ചത്. അതിനാൽ തന്നെ രോഗബാധ സ്ഥിരീകരിച്ച ശേഷവും മറ്റിടങ്ങളിലേക്ക് രോഗം പടരാതെ പിടിച്ചുനിറുത്താനായി. നിലവിൽ 4 പോസിറ്രീവ് കേസുകൾ മാത്രാണ് ആറ്റിങ്ങലിലുള്ളത്. ശക്തമായ പ്രതിരോധത്തിന്റെ ഫലമാണ് രോഗികളുടെ എണ്ണം കുറയാൻ ഇടയാക്കിയത്.

പ്രാദേശിക ക്വാറന്റൈൻ കേന്ദ്രങ്ങൾ

രോഗലക്ഷണങ്ങളുള്ളവരെ പാർപ്പിക്കാൻ സൗകര്യങ്ങളുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കാനായി. നിരീക്ഷണത്തിലുള്ളവർക്ക് 24 മണിക്കൂറും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കി. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മാർഗങ്ങളും വിദഗ്ദ്ധരുടെ സഹായത്തോടെ ആവിഷ്കരിച്ചു നടപ്പാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. കൊവിഡ് വ്യാപന സമയത്തും മറ്റ് രോഗങ്ങളുമായി എത്തുന്നവർക്ക് സുരക്ഷിതമായി ചികിത്സ നൽകാനായി. താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അവിടേക്ക് ആവശ്യമായ എൻ 95 മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, ചികിത്സയ്ക്ക് വേണ്ട മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിനൽകി.

നഗരത്തിലും ജാഗ്രത

ഏറ്റവും കൂടുതൽ പേരെത്തുന്ന ആറ്റിങ്ങൽ നഗരത്തിലും കർ‌ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കിയും സാമൂഹ്യ അകലം കർശനമായി പാലിച്ചുമുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും മറ്റും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കി. നഗരത്തിന് സമീപത്തുണ്ടായിരുന്ന മദ്യശാല പോലും തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

സർക്കാരിന്റെ നിർദ്ദേശപ്രകാരം ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും ലക്ഷണങ്ങളില്ലാത്തവരെയും ചികിത്സിക്കുന്നതിനായി ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായി വരികയാണ്. മൂന്ന് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ആഡിറ്റോറിയങ്ങളും സ്കൂളുകളും ഇതിനായി ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

സമൂഹവ്യാപനം വെല്ലുവിളി

കൊവിഡിന്റെ സമൂഹവ്യാപനം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. രോഗബാധിതർ കുറഞ്ഞ മേഖലയിൽ പോലും സമൂഹവ്യാപനത്തിനുള്ള സാദ്ധ്യത തള്ളാനാകില്ല. പൂന്തുറയിൽ സമൂഹവ്യാപനമുണ്ടായത് ആശങ്കപ്പെടുത്തുന്നുണ്ട്.