തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഊഴം കാത്തിരിക്കുന്നവർ സംസ്ഥാനത്ത് ഒരു ലക്ഷം കവിഞ്ഞു. ലോക്ക് ഡൗൺ നിലവിൽവന്ന മാർച്ചിൽ നിറുത്തിവച്ച ടെസ്റ്റ് ഇനി കൊവിഡ് ഒഴിഞ്ഞശേഷമേ നടത്താനാവൂ. ഓരോ ഓഫീസിനും ഒരു ദിവസം നിശ്ചിത എണ്ണം ടെസ്റ്റ് നടത്താനേ കഴിയൂ. ഡ്രൈവിംഗ് പരിശീലനം നടത്താനുള്ള അനുമതിക്കായി പുതുതായി ഏർപ്പെടുത്തിയ ഓൺലൈൻ പരീക്ഷ എഴുതി പാസാകുന്നവർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും. ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കാത്തതുകാരണം പരിശീലനം നടക്കുന്നില്ല.
ഈ മാസം ആറിന് നിലവിൽവന്ന ഓൺലൈൻ സംവിധാനത്തിൽ ഇതുവരെ 8050 പേർ എഴുതി. വിജയിച്ചവർ 7526. തോറ്റവർ 6.5%.
നേരത്തേ ആർ.ടി. ഓഫീസിലെത്തി കമ്പ്യൂട്ടറിൽ ഉത്തരം രേഖപ്പെടുത്തുന്ന പരീക്ഷയായിരുന്നു. അന്ന് ഇരുപതു മിനിട്ടിനുള്ളിൽ ഇരുപത് ചോദ്യങ്ങളിൽ പന്ത്രണ്ടെണ്ണത്തിന് ശരിയുത്തരം എഴുതണമായിരുന്നു.
ഇപ്പോൾ വീട്ടിലിരുന്ന് എഴുതുമ്പോൾ, മുപ്പത് മിനിട്ടിൽ മുപ്പത് ശരിയുത്തരം രേഖപ്പെടുത്തണം. മുൻപ് വിജയശതമാനം 99 ശതമാനം വരെ ഉയർന്നിട്ടുണ്ട്.പുതിയ സംവിധാനത്തിൽ 93.5 ശതമാനമാണ് വിജയം.
ഡ്രൈവിംഗ് ടെസ്റ്റ് ഉടനില്ല
പരീക്ഷ ജയിച്ചവർക്കായി ഡ്രൈവിംഗ് ടെസ്റ്റ് ഓൺലൈനിൽ നടത്താനാവില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ടെസ്റ്റിനുള്ള ദിവസം കിട്ടുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം. ലൈസൻസ് പുതുക്കാനും ഓൺലൈനിൽ അപേക്ഷിക്കാം.
ലേണേഴ്സ് ടെസ്റ്റ്
സാരഥി'യിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.പ്രത്യേക ലോഗിനും പാസ്‌വേഡും നൽകും.സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ ഏത് സമയത്തും എഴുതാം.