
തിരുവനന്തപുരം: 2025 ഓടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കണമെന്ന ലക്ഷ്യവുമായി
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇ-മൊബിലിറ്റി പദ്ധതി ഇനിയും നടക്കാത്തൊരു മനോഹര സ്വപ്നമാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിമാനത്താവളങ്ങളിലും കെ.എസ്.ഇ.ബിയിലും കുറച്ച് ഇലക്ട്രിക് കാറുകൾ വാങ്ങിയെന്നത് ഒഴിച്ചാൽ പദ്ധതി ഇപ്പോഴും നിന്നിടത്ത് തന്നെയാണ്. 6000 ഇലക്ട്രിക് ബസുകൾ ലക്ഷ്യമിട്ട കെ.എസ്.ആർ.ടി.സി ഇതുവരെ വാടകയ്ക്ക് എടുത്തത് 10 എണ്ണം മാത്രം. അവയുടെ നഷ്ടമാകട്ടെ കിലോ മീറ്രറിന് 26 രൂപയാണ്. കേന്ദ്രത്തിന്റെ സബ്സിഡിയായി എട്ട് (കിലോമീറ്ററിന്) രൂപ ലഭിക്കുന്നുണ്ട്. 3100 കോടി രൂപ വായ്പയും പ്രതിദിനം നഷ്ടവുമുള്ള കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ ഇലക്ട്രിക് ബസുകൾ വാങ്ങാനാകില്ല. ബസ് കിട്ടിയാൽ സർവീസ് ലാഭത്തിലാക്കാമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. പദ്ധതി റീബിൽഡ് കേരളയുടെ ഭാഗമായതിനാൽ അന്താരാഷ്ട്ര ബാങ്കിംഗ് ഏജൻസികളിൽ നിന്ന് വായ്പ കിട്ടുമെന്നത് മാത്രമാണ് ഏക പ്രതീക്ഷ.
ഏകോപനമില്ലായ്മയും പ്രശ്നം
കേന്ദ്രത്തിൽ ഇ- മൊബിലിറ്രി പ്രവർത്തനം ഘനവ്യവസായ വകുപ്പിന് കീഴിലാണെങ്കിൽ കേരളത്തിൽ ഇതിന്റെ ചുമതല വിവിധ വകുപ്പുകൾക്കാണ്. ഗതാഗത, വ്യവസായ, ഐ.ടി, ജലഗതാഗത വകുപ്പുകളെല്ലാം ഇടപെടുന്ന പദ്ധതിയുടെ ഏകൊപന ചുമതല ഏത് വകുപ്പിനാണെന്ന് തീരുമാനിക്കാത്തതും പ്രശ്നമാണ്. ഇ-മൊബിലിറ്റി കരാറിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ഒഴിവാക്കുന്നതോടെ ഇ- മൊബിലിറ്രി പ്രവർത്തനം താത്കാലികമായി മരവിക്കുമെങ്കിലും മറ്റു മികച്ച കമ്പനികൾക്ക് ഇത് മാറ്റി നൽകാവുന്നതേയുള്ളു.
കെ.എ.എൽ ലക്ഷ്യം 3000 ആട്ടോ
ആറാലുംമൂട്ടിലെ കേരള ആട്ടോ മൊബൈൽസ് ഒരു വർഷം 3000 ഇലക്ട്രിക് ആട്ടോറിക്ഷകൾ നിർമ്മിക്കാനുള്ള നീക്കത്തിലാണ്. കെ.എ.എൽ നിർമ്മിച്ച ഇ-ആട്ടോറിക്ഷകൾ നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ ഇലക്ട്രിക് ബസുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യം നടക്കണമെങ്കിൽ ഇനിയും ഏറെ ദൂരം മുന്നോട്ട് പോണം.
വാട്ടർ മെട്രോയും ആയില്ല
കൊച്ചി കേന്ദ്രീകരിച്ച വാട്ടർ മെട്രോയുടെ പ്രവർത്തനവും തുടങ്ങിയിട്ടില്ല. ഇ-മൊബിലിറ്രിയുടെ കുതിപ്പിനായി കഴിഞ്ഞ വർഷം ജൂണിൽ കൊച്ചിയിൽ ഇ-മൊബിലിറ്രി കോൺഫറൻസ് നടത്തിയിരുന്നു.
169 ചാർജിംഗ് സ്റ്റേഷനുകൾ
കെ.എസ്.ഇ.ബിക്ക് നിലവിൽ ഒരു ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുണ്ട്. ദിവസങ്ങൾക്കകം ആറ് ഇടങ്ങളിൽ ഇരട്ട ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതോടെ 12 എണ്ണം കൂടിയാകും. തുടർന്ന് കേരളത്തിന്റെ പലഭാഗങ്ങളിൽ 56 സ്റ്റേഷനുകൾ തുടങ്ങും. അവസാന ഘട്ടത്തിൽ 100 സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. ഇപ്പോൾ സ്ഥാപിക്കുന്ന സ്റ്റേഷനുകളിൽ ആട്ടോ, കാർ, മിനി ബസ് എന്നിവയെല്ലാം ചാർജ് ചെയ്യാം.
സംസ്ഥാനത്തിന്റെ ഇലക്ട്രിക്
വാഹന നയം (2020 ലെ ലക്ഷ്യം)
ടൂവീലർ- ആറ് ലക്ഷം
ത്രീ വീലർ- 23000
ബസ് - 6000
ചരക്ക് വാഹനം- 17,000