pinarayi-vijayan

തിരുവനന്തപുരം: ചില മേഖലകളിൽ വിദഗ്ദ്ധരെ ആവശ്യമായി വരുമ്പോഴും മറ്റും കരാർ- കൺസൾട്ടൻസി നിയമനങ്ങൾ പരമാവധി ഒരു വർഷത്തേക്ക് അനിവാര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാർ - അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നൽകുന്നതായും വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് പലരും നിയമനങ്ങൾ തരപ്പെടുത്തിയതെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടിക്കത്ത് നൽകിയത്.

പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യാ മേഖലയിലും പ്രാവീണ്യമുള്ളവരെ വേണ്ടി വരുമ്പോൾ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി സുതാര്യത ഉറപ്പുവരുത്തി ഹ്രസ്വകാല നിയമനങ്ങൾ നടത്താറുണ്ട്. അവ സർക്കാർ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളല്ല അവ.
എൽ.ഡി.എഫ് ഭരണകാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനം നടത്തിയെന്ന് പറയുന്നതിന് യാതൊരടിസ്ഥാനവുമില്ല. ആരോഗ്യ-സാമൂഹികനീതി മേഖലയിൽ 5985 തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തി. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളിൽ പി.എസ്‌.സി നിയമനം നടത്തി. പൊലീസ് വകുപ്പിൽ 4933 തസ്തികകൾ സൃഷ്ടിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമുണ്ടായി. ഹയർസെക്കൻഡറിയിൽ മാത്രം 3540 തസ്തികകൾ സൃഷ്ടിച്ചു. കരാർ നിയമനങ്ങൾ ഏറെയും നടന്നത് യു.ഡി.എഫ് കാലത്താണെന്നും കണക്കുകളുദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.