price

തിരുവനന്തപുരം: സെമിഹൈസ്‌പീഡ് റെയിൽ ഉൾപ്പെടെ കേരളത്തിന്റെ വമ്പൻ പദ്ധതികൾ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് (പി.ഡബ്‌ള്യു.സി) തീറെഴുതി കൊടുക്കുംവിധം,​ സെക്രട്ടേറിയറ്റിൽ കൂപ്പറിന് ഓഫീസ് തുറക്കണമെന്ന ശുപാർശയോടെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ കുറിപ്പ് പുറത്തായി.

ഓഫീസിൽ നാല് കൂപ്പർ ഉദ്യോഗസ്ഥ‌ർക്ക് ചീഫ്സെക്രട്ടറിയുടേതിനെക്കാൾ ഉയർന്ന ശമ്പളമാണ് നിർദ്ദേശിച്ചത്. ഇതിന് 1.49 കോടിയുടെ വാർഷിക ബാദ്ധ്യതയാണ് കണക്കാക്കിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്ക് കാര്യക്ഷമതയില്ലെന്ന കുറിപ്പിലെ പരാമർശവും വിവാദമായിട്ടുണ്ട്.

2018 സെപ്റ്റംബർ 27നാണ് ഗതാഗതപ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കുറിപ്പ് നൽകിയത്. ധനകാര്യവകുപ്പ് എതിർത്തെങ്കിലും ഫയൽ അംഗീകരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉന്നത ഇടപെടലിനെ തുടർന്നാണെന്ന് സൂചനയുണ്ട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനായി നിലകൊണ്ട മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ താല്പര്യമാണ് ടെൻഡറില്ലാതെയുള്ള ഇടപാടിന് പിന്നിലെന്നും ആരോപണമുണ്ട്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതിനെതിരെ രംഗത്ത് വന്നതോടെ ഫയൽ മുഖ്യമന്ത്രി പിടിച്ചുവച്ചിരിക്കുകയാണെന്നറിയുന്നു. വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയിരുന്നു.

ഗതാഗതമന്ത്രി ധനവകുപ്പിലേക്ക് വിട്ട സെക്രട്ടറിയുടെ കുറിപ്പിനെ അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി മനോജ് ജോഷി എതിർത്തു. ജോഷി വിളിച്ച രണ്ട് യോഗങ്ങൾക്ക് ജ്യോതിലാൽ പോയില്ല. മനോജ് ജോഷി കേന്ദ്രത്തിലേക്ക് പോയശേഷം ധനവകുപ്പിൽ സമ്മർദ്ദം ചെലുത്തിയാണ് ഫയൽ അംഗീകരിച്ചത്. ഓഫീസ് തുറക്കൽ അന്തിമഘട്ടത്തിലായപ്പോഴാണ് പ്രതിപക്ഷനേതാവ് ഇടപെട്ടത്.

@ഗതാഗത സെക്രട്ടറിയുടെ കുറിപ്പ്

റീബിൽഡ് കേരളയിൽ ആധുനിക ബസ് പോർട്ട്, ലോജിസ്റ്റിക് പോർട്ട്, ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമായ ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ, തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ ഇടനാഴി, അതിന്റെ സ്റ്റേഷനുകൾക്ക് സമീപം സ്‌മാർട്ട് സിറ്റി, ബേക്കൽ, വയനാട്, ഇടുക്കി, ഗുരുവായൂർ എയർസ്ട്രിപ്പുകൾ, ഹെലിപോർട്ടുകൾ തുടങ്ങിയ മെഗാ പദ്ധതികൾക്ക് സെക്രട്ടേറിയറ്റിൽ ബാക്ക് ഡോർ ഓഫീസ് അത്യാവശ്യമാണ്. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റുമാർക്ക് ഇത്തരം ജോലികൾ കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ല. സമയബന്ധിതമായി നടപ്പാക്കാനും ജനങ്ങളിൽ പദ്ധതിയുടെ പ്രയോജനമെത്തിക്കാനും സോഷ്യൽമീഡിയ അടക്കമുള്ള മീഡിയ കാമ്പെയ്ൻ വേണം. അതിനാൽ നിക്സി അംഗീകൃത കൺസൾട്ടന്റായ പി.ഡബ്‌ള്യു.സിയുടെ വാല്യൂ മാനേജ്മെന്റ് പ്രൊപ്പോസൽ അംഗീകരിക്കാവുന്നതാണ്. കൺസൾട്ടൻസി നിരക്ക് നിക്സി അംഗീകരിച്ചതായതിനാൽ ടെൻഡർ വിളിക്കേണ്ടതില്ല.

കൂപ്പറിന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ച ശമ്പളം

@പ്രോജക്ട് മാനേജ്മെന്റ് എക്സ്‌പെർട്ട്- 3,34,800രൂപ

@ഫംഗ്ഷണൽ കൺസൾട്ടന്റ്- 3,02,400രൂപ,

@ടെക്നോളജി കൺസൾട്ടന്റ്- 3,02,400രൂപ,

@പോളിസി കൺസൾട്ടന്റ്- 3,02,400 രൂപ