covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾക്കായി 1.38ലക്ഷം കിടക്കൾ സജ്ജമാണെന്ന സർക്കാർ അവകാശവാദം പൊള്ളയോ! ചികിത്സയിലുള്ള കൊവിഡ് രോഗികൾ ആറായിരം കവിഞ്ഞപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിയത് ഈ സംശയത്തിന് ബലംകൂട്ടുന്നു. രോഗികളെ യഥാസമയം ആശുപത്രികളിലോ ഫസ്റ്റലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ മാറ്റാനാകാത്ത സ്ഥിതിയാണിപ്പോൾ.

പ്രതിദിനരോഗികൾ 700 കടന്ന വ്യാഴാഴ്ച തന്നെ കാര്യങ്ങൾ കൈവിട്ടു. കിടക്കകൾ ഒഴിവില്ലെന്ന് പറഞ്ഞ് രോഗികൾ കൂടിയ ജില്ലകളിലുള്ളവരെ 24 മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തലസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 11ന് രോഗം സ്ഥിരീകരിച്ചവരോട് ആശുപത്രിയിൽ പോകാൻ തയ്യാറകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് മാറ്റിയത്. പ്രതിദിന രോഗബാധിതർ വർദ്ധിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരം പേർക്ക് ഒരേസമയം ചികിത്സ ഒരുക്കേണ്ടിവരും.

1.38ലക്ഷം കിടക്കകളുണ്ടെന്ന് പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളെന്ന പേരിൽ തലസ്ഥാനത്തെ സ്‌റ്റേഡിയങ്ങളിൽ കിടക്കകളൊരുക്കുകയാണ്. രോഗികൾ കൂടിയതു മുതൽ പരിശോധനാഫലം ലഭിക്കുന്നതിനും താമസമുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ഫലം ലഭിക്കുന്നത്. രോഗികൾ വർദ്ധിക്കുമെന്ന് വ്യക്തമായിട്ടും അതിവേഗം പരിശോധാനഫലം ലഭിക്കുന്ന സൗകര്യങ്ങൾ ഒരുക്കാത്തത് പോരായ്മയാണെന്ന് ആരോഗ്യവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പറഞ്ഞ കണക്കുകൾ ഇങ്ങനെ

 1459 സർക്കാർ ആശുപത്രികളിലും 873 സ്വകാര്യ ആശുപത്രികളിലുമായി കിടക്കൾ- 1.38 ലക്ഷം

 ഐ.സി.യു കിടക്കകൾ- 7453

 വെന്റിലേറ്ററുകൾ- 3375

 കിടക്കകളുടെ ആവശ്യം വന്നതോടെയാണ് ക്ഷാമം മനസിലായത്

 രോഗികളിൽ 10ശതമാനം പേർക്കും ഗുരുതരമല്ലാത്തതിനാൽ ഐ.സി.യുവും വെന്റിലേറ്ററും കൂടുതലായി ഉപയോഗിച്ചിട്ടില്ല.

 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആദ്യം 3536ഉം, ഈമാസം 10ന് 5500 കിടക്കകളും ഒരുക്കുമെന്ന് പറഞ്ഞതും നടപ്പായില്ല.

സൗകര്യം വേണം

ലക്ഷണങ്ങളില്ലാത്ത രോഗികളെ പ്രവേശിപ്പിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങമില്ലെന്ന പരാതി വ്യാപകമാകുന്നു. 30 പേർക്ക് ഒരു ടോയ്‌‌‌ലെറ്റാണുള്ളത് എന്നതാണ് പ്രധാന ആക്ഷേപം. 10 പേർക്ക് ഒന്ന് എന്ന നിലയിൽ ഇത് ക്രമീകരിക്കണം.

'2.5ലക്ഷം പ്രവാസികൾക്ക് ക്വാറന്റെൻ സൗകര്യമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരു ലക്ഷം പേരെത്തിയപ്പോൾ എല്ലാവരെയും വീട്ടിലേക്കയച്ചു. സമാനമായ അവസ്ഥയാണ് ഇപ്പോൾ കിടക്കകളുടെ കാര്യത്തിലും. അടിയന്തരമായി കിടക്കകൾ സജ്ജമാക്കുന്നതോടൊപ്പം ആരോഗ്യപ്രവർത്തകരെയും നിയോഗിക്കണം".

- ഡോ. എബ്രഹാം വർഗീസ്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ്