price

തിരുവനന്തപുരം:വിവാദകേന്ദ്രമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്ന് ഒഴിവാക്കാൻ നീക്കം. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റെ കരട് സമർപ്പിച്ചില്ലെന്ന് കാട്ടിയാണ് നീക്കമെങ്കിലും മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നടപടികളിൽ സർക്കാർ കൈവയ്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സൂചനയുണ്ട്.

ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്ക് പ്രോജക്ടിന്റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ നീക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിക്ക് കൂപ്പറിനെ ശുപാർശ ചെയ്തത് ഗതാഗതസെക്രട്ടറിയാങ്കിലും അതിന് ചരടുവലിച്ചത് പദ്ധതിയുടെ ഉപദേശകസമിതി കൺവീനർ എം. ശിവശങ്കറാണ്.

കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കൺസൾട്ടൻസി കരാർ കൂപ്പറിനെ ഏല്പിക്കുന്നതിന് പിന്നിലും ശിവശങ്കറായിരുന്നു. സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായതോടെയാണ് ശിവശങ്കറിന്റെ ഇടപാടുകൾ പരിശോധിക്കുന്നത്.

ഇ-മൊബിലിറ്റി കൺസൾട്ടൻസിക്ക് ഗതാഗത കമ്മിഷണർ കൂപ്പറിന് വർക്ക് ഓർഡർ നൽകിയെങ്കിലും കരാറിന്റെ കരട് കമ്പനി സമർപ്പിച്ചിട്ടില്ല. അതിന്റെ പേരിൽ ഇനി അവരെ പരിഗണിക്കാതിരിക്കാം എന്നാണ് ആലോചന. കൂപ്പറുമായി കരാർ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാൽ മറ്റ് തടസ്സങ്ങളുണ്ടാകില്ല.

ഇ-മൊബിലിറ്റി പദ്ധതി റീബിൽഡ് കേരളയുടെ ഭാഗമാണ്. റീബിൽഡ് കേരളയുടെ കൺസൾട്ടന്റായി കെ.പി.എം.ജിയെ നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇ-മൊബിലിറ്റി പദ്ധതിക്ക് കൺസൾട്ടൻസി ആവശ്യമില്ല എന്നതും ന്യായീകരണമാണ്.