വിതുര: വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. അവധി ദിനങ്ങളിലാണ് കൂടുതൽ പേർ എത്തുന്നത്. ഞായറാഴ്ചകളിൽ തിരക്കേറും. കൊവിഡുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര മേഖലകളിൽ സഞ്ചാരികൾക്ക് മാർച്ച് മാസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെയാണ് സഞ്ചാരികൾ എത്താൻ തുടങ്ങിയത്. വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന യുവ സംഘങ്ങൾ ആദിവാസി മേഖലകളിൽ അതിക്രമിച്ചു കയറി ആദിവാസി സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. മാത്രമല്ല അവധി ദിനങ്ങളിൽ രാവിലെ എത്തുന്ന സംഘങ്ങൾ രാത്രി വരെ വനത്തിൽ തമ്പടിക്കുന്നതായും ആദിവാസികൾ പറയുന്നു.ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൂടുതൽ പേരും തലസ്ഥാനത്തുനിന്നും
കല്ലാർ,പേപ്പാറ,ബോണക്കാട് ടൂറിസം മേഖലകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും തലസ്ഥാനത്തും,പരിസരത്തും ഉള്ളവരാണ്. ജില്ലാ രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളിലാണ് ഇവർ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.കാറുകളിൽ പരിധി മറികടന്ന് നിറയെ പേരാണ് എത്തുന്നത്. തിരുവനന്തപുരം മേഖലയിൽ കൊവിഡ് വ്യാപിച്ചതോടെ ഇത്തരം സംഘങ്ങൾ എത്തുന്നത് വിതുര മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.അടിയന്തരമായി ഇത്തരം സംഘങ്ങളെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെക്കുപോസ്റ്റുകൾ തുറന്നു കിടക്കുന്നു
ചെക്കുപോസ്റ്റുകളിൽ പരിശോധന ഇല്ലാത്തത് ടൂറിസ്റ്റ് സംഘങ്ങൾക്ക് അനുഗ്രഹമായി.പൊൻമുടിയിലേക്കുള്ള ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുകയാണെങ്കിലും മറ്റ് ചെക്ക് പോസ്റ്റുകളായ ജഴ്സിഫാം,കുട്ടപ്പാറ എന്നിവ തുറന്നിട്ടിരിക്കുകയാണ്. ഇൗ ചെക്ക് പോസ്റ്റുകൾ വഴിയാണ് വനമേഖലകളിൽ എത്തുന്നത്.ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉണ്ടായിരുന്നപ്പോൾ ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചിരുന്നു.