വിതുര: ലോക്ക് ഡൗൺ സമയത്ത് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചു പെൺകുട്ടികൾ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച, ലഹരിക്കെതിരെയുള്ള 'മിഠായി' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. രക്ഷിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന നവജീവൻ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥിനികൾ ഹ്രസ്വ ചിത്രം തയ്യാറാക്കിയത്. പഠന സമയത്ത് രക്ഷിതാക്കൾ ചെലുത്തുന്ന അമിത സമ്മർദ്ദം എങ്ങനെയാണ് കുട്ടികളുടെ മാനസിക നിലവാരത്തെ സ്വാധീനിക്കുന്നതെന്ന് ചിത്രത്തിൽ വ്യക്തമാക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മക്കളെ നന്നായി പഠിക്കുന്ന മറ്റു വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യുന്നതും, അധിക സമ്മർദ്ദത്താൽ മിടുക്കിയായ കൂട്ടുകാരിയെ ലഹരി മിഠായി നൽകി പഠനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കൂട്ടുകാരികൾ ശ്രമിക്കുന്നതും, ഇതിനായി സ്കൂളിന് പുറത്തുള്ള സംഘങ്ങളുമായി കുട്ടികൾ അപകടകരമായ ബന്ധം സ്ഥാപിക്കുന്നതുമാണ് ചിത്രം വരച്ചു കാട്ടുന്നത്. എന്നാൽ പ്രതിബന്ധങ്ങളെ അതിജീവിച്ച് നല്ല രീതിയിൽ പഠിക്കാനും തെറ്റുകാരെ നല്ല വാക്കുകളിലൂടെ തിരുത്തി കൂടുതൽ നന്മയുള്ളവരാക്കാൻ അദ്ധ്യാപകർ ശ്രമിക്കുന്നതും മിഠായി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ആര്യ ലക്ഷ്മി, ആരതി ലക്ഷ്മി, അഭിനന്ദ, അൻസിഫ, ദേവിക എന്നിവർ കാണിച്ചുതരുന്നു. gvhss vithura എന്ന സ്കൂളിന്റെ ഫേസ് ബുക്ക് പേജിലൂടെ മിഠായി എന്ന ചിത്രം കാണാൻ കഴിയും.ലോക് ഡൗൺ കാലത്ത് വിതുര സ്കൂളിലെ കുട്ടിപൊലീസും വിതുര ജനമൈത്രി പൊലീസും ചേർന്ന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ അടുക്കളത്തോട്ടം, ആദിവാസി - തോട്ടം മേഖലകളിൽ ഭക്ഷണം - പച്ചക്കറി കിറ്റുകൾ വിതരണം, നിർദ്ധന വിദ്യാർത്ഥികൾക്ക് ഒാൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തൽ തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി.