തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നയ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപാടുകൾ സർക്കാരിന്റെ യശസ്സിന് മങ്ങലേല്പിച്ചെന്ന വിലയിരുത്തലിൽ ഇനിയങ്ങോട്ട് കരുതലോടെ നീങ്ങാൻ സി.പി.എമ്മിന്റെ കർശന നിർദ്ദേശം. ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരിക്കെ വകുപ്പിൽ നടന്ന ഓരോ നിയമനവും പ്രത്യേകം പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു. ശിവശങ്കർ മുൻകൈയെടുത്ത് നടത്തിയ കരാർ, കൺസൾട്ടൻസി ഇടപാടുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം.
ഇതിന്റെ ഭാഗമായാണ് ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സേവനം പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഏല്പിക്കാനുള്ള നീക്കം ഗതാഗതവകുപ്പ് ഉപേക്ഷിക്കാനുള്ള നീക്കമെന്ന് വ്യക്തം.
സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനും ഐ.ടി വകുപ്പിലെ ഇടപാടുകൾക്കെതിരെ നിരന്തരം പ്രതിപക്ഷം ആക്ഷേപമുയർത്തിയ സാഹചര്യത്തിലുമാണ് ശിവശങ്കറിന്റെ കാലത്തെ ഓരോ ഇടപാടിലും പാർട്ടി പരിശോധന നിർദ്ദേശിച്ചത്. സർക്കാരിൽ പാർട്ടി നിയന്ത്രണം കടുപ്പിക്കുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലരെയും ലാക്കാക്കിയുള്ള വിമർശനം സി.പി.എം സെക്രട്ടേറിയറ്റിൽ നടന്നതായാണ് വിവരം. സർക്കാരിന്റെ തുടക്ക നാളുകളിൽ ചില വിവാദങ്ങളുണ്ടായപ്പോൾ എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരായി രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുള്ളവരെ നിയോഗിക്കാൻ പാർട്ടി നിർദ്ദേശിച്ചിന്നു. എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് അങ്ങനെയാണ്. എന്നാൽ അദ്ദേഹം പോയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ മുൻനിർദ്ദേശത്തിന് വിരുദ്ധമായ തീരുമാനമുണ്ടായി. ഇതിലേക്ക് വിരൽ ചൂണ്ടുന്ന ചില അഭിപ്രായ പ്രകടനങ്ങളുണ്ടായതായാണ് വിവരം.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയാൽ അത് സർക്കാരിനെ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ നീക്കത്തെ ആകാംക്ഷയോടെ വീക്ഷിക്കുകയാണ് സി.പി.എം നേതൃത്വം.
അതേസമയം, പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സി.പി.ഐയും സർക്കാരിന് കത്ത് നൽകിയിരുന്നെന്ന് സൂചനയുണ്ട്. 2005ൽ ഈ കമ്പനിക്കെതിരെ നിലപാടെടുത്തവരാണ് ഇടതുപക്ഷം. ലോകബാങ്കിന്റെ അവിഹിത ഇടപാടിലൂടെയും വിരട്ടലിലൂടെയും കൺസൾട്ടൻസി കരാർ നേടുന്ന സ്ഥാപനമാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെന്ന് അന്ന് സി.പി.എം ജനറൽസെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കത്തെഴുതിയിരുന്നു. ഡൽഹി ജലബോർഡ് സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടായപ്പോഴായിരുന്നു ഇത്. അതേ കമ്പനിക്ക് കേരളത്തിൽ ഇടതുസർക്കാർ ചുവപ്പ് പരവതാനി വിരിച്ചതിലെ വൈരുദ്ധ്യമാണ് വിവാദത്തിൽ മുഴച്ചു നിൽക്കുന്നത്.