തിരുവനന്തപുരം: റബർ കൃഷിയുടെ മരണമണി മുഴക്കുന്നതിനിടയാക്കുന്ന 1947ലെ റബർആക്ട് റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
സ്വാഭാവിക റബറിന്റെ രാജ്യത്തെ ഏറ്റവും വലിയ ഉത്പാദകരാണ് കേരളം. പത്ത് ലക്ഷത്തോളം പേർ സംസ്ഥാനത്ത് ഈ കൃഷിയിൽ വ്യാപൃതരാണ്. പരോക്ഷമായി ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ ഇതിന്റെ പല മടങ്ങാണ്.
റബർ മേഖലയുടെ സമസ്ത തലങ്ങളെയും ഗുണപരമായ രീതിയിൽ നിയന്ത്രിക്കുന്നതിലും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കുവഹിക്കുന്ന റബർബോർഡ് ഈ ആക്ട് പിൻവലിക്കുന്നതോടെ ഫലത്തിൽ ഇല്ലാതാവും. അത് സംസ്ഥാനത്തെ സാമ്പത്തിക രംഗത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ഈ കൃഷിയുടെ നാശത്തിന് വഴി വയ്ക്കും. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം റബർ കൃഷിയുടെ നട്ടെല്ലൊടിച്ചു. തുടർന്നു വന്ന കൊവിഡ്-19 മഹാമാരിയും തിരിച്ചടിയായി. ഈ സാഹചര്യത്തിൽ റബർ ആക്ട് പിൻവലിക്കുന്നത് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടും. അതിനാൽ മാനുഷിക പരിഗണന വച്ചെങ്കിലും നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.