behara

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രന്റെ മാഗസിനിന്റെ മുഖചിത്രത്തിനും കവർസ്റ്റോറിക്കുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത് ഒരു ദിവസം. ഫോട്ടോഷൂട്ടിന്റെ ചിത്രീകരണം പൊലീസ് ആസ്ഥാനത്താണെത്രേ നടന്നത്. ഇടത് സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2018 ആഗസ്റ്റിലാണ് ബെഹ്റയെ മോഡലാക്കി അരുൺ മാഗസിനിറക്കിയത്. ഇതിനായി പത്ത് പേജാണ് മാറ്റിവച്ചത്.

ഷൂട്ടിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അരുണിന്റെ ഉന്നത പൊലീസ് ബന്ധങ്ങൾ കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.

സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായതോടെ ഡി.ജി.പി അടക്കമുള്ള ഉന്നതരുമായി നിൽക്കുന്ന ചിത്രങ്ങളുണ്ടായിരുന്ന അരുണിന്റെ എഫ്.ബി പേജ് അപ്രത്യക്ഷമായി.

അരുണിന് പൊലീസ്, സിനിമാ, രാഷ്ട്രീയ, നയതന്ത്ര ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കൊച്ചിയിൽ ഫാഷൻ മാഗസിനിന്റെ ചുമതലയിലുള്ളപ്പോൾ നടത്തിയ പാർട്ടികളിലൂടെയാണ് അരുൺ ഉന്നതരുമായി അടുത്തത്. ബിസിനസിൽ കള്ളക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളി ഫെസൽ ഫരീദ് പണം മുടക്കിയിട്ടുണ്ടെന്ന സൂചനകളെത്തുടർന്ന് എൻ.ഐ.എ അരുണിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉന്നതരുമായുള്ള ബന്ധത്തിലൂടെയാണ് ഐ.ടി രംഗത്ത് കാര്യമായ പരിചയമില്ലാത്ത അരുൺ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന ഉന്നത പദവിയിലെത്തിയത്. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം കോഴിക്കോട് ഐ.ഐ.എമ്മിൽ മാർക്കറ്റിംഗ് മാനേജ്മെന്റ് പി.ജിയെടുത്തു. കൊച്ചി ഇൻഫോപാർക്കിൽ ഐ.ടി മാസികയുടെ ചുമതലക്കാരനായിരുന്ന ശേഷം വെബ്സൈറ്റ് ഡെവലപ് ചെയ്യുന്ന സ്റ്റാർട്ട്അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷൻ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് സർക്കാരിൽ കരാർ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയാകുന്നതും.

 ഇപ്പോഴും ഐ.ടിഫെലോയോ....?

സംസ്ഥാനത്തേക്ക് ഐ.ടി നിക്ഷേപവും കമ്പനികളെയും ആകർഷിക്കാൻ ഇൻഫോസിസ് സി.ഇ.ഒയായിരുന്ന ഷിബുലാൽ അദ്ധ്യക്ഷനായ സമിതിയിൽ അരുൺ ഉൾപ്പെട്ടതെങ്ങനെയെന്നത് സംശയകരമാണ്. ഐ.ടി ഫെലോ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും അടുത്തിടെ പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പദ്ധതി "ഡ്രീം കേരള"യുടെ എക്സിക്യൂഷൻ കമ്മിറ്റിയിലും അരുൺ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിൽ ഇടംപിടിച്ചു.

ജൂലായ് രണ്ടിന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ഇറക്കിയ ഉത്തരവിൽ, പദ്ധതി നിർവഹണത്തിനുള്ള എക്സിക്യൂഷൻ കമ്മിറ്റിയിലാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണും ഇടംപിടിച്ചത്. ദുബായിലും അമേരിക്കയിലും നടന്ന വൻ ഐ.ടി മേളകളിൽ സർക്കാരിനെ പ്രതിനിധീകരിച്ച് അരുണാണ് പങ്കെടുത്തത്. വൻകിട ഐ.ടി കമ്പനികളുമായുള്ള ചർച്ചകളിലും അരുണിന്റെ സാന്നിദ്ധ്യമുണ്ടായി. സ്വപ്നയ്ക്ക് ഫ്ലാറ്രെടുക്കാൻ സഹായിച്ചതിന്റെ തെളിവുകൾ പുറത്തുവന്നതോടെ ഐടി പാർക്കുകളുടെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ എന്ന പദവിയിൽ നിന്ന് അരുണിനെ സർക്കാർ പുറത്താക്കിയിട്ടുണ്ട്.