വെള്ളറട: തമിഴ്നാട്ടിൽ നിന്നു ജനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്നത് തടയുന്നതിനായി അതിർത്തിയായ പനച്ചമൂട് - പുളിമൂട് റോഡ് കേരള പൊലീസ് കഴിഞ്ഞ ദിവസം രാത്രി മണ്ണിട്ട് അടച്ചു. രാവിലെ മുതൽ ചരക്കുമായി എത്തിയ വാഹനങ്ങളൊന്നും തമിഴ്നാട്ടിലെ വെള്ളച്ചിപ്പാറ റോഡിൽ പ്രവേശിക്കാൻ കഴിയാതെ വെള്ളറട - പനച്ചമൂട് റോഡിൽ പാർക്ക് ചെയ്തു. നിയന്ത്രണത്തിന്റെ ഭാഗമായി കാൽനട യാത്രക്കാരുപോലും കടക്കാതിരിക്കാനാണ് റോഡ് അടച്ചത്. സംഭവമറിഞ്ഞ് സ്ഥലവാസികളും ജനപ്രതിനിധികളും തമിഴ്നാട് ഭാഗത്ത് തടിച്ചുകൂടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് കടയാലുമൂട് പൊലീസും വിളവൻകോട് തഹസിൽദാരും റവന്യു അധികൃതരും സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്തു. കുറച്ചു കഴിഞ്ഞ് കേരള പൊലീസ് ചരക്കുലോറികൾക്ക് കടന്നുപോകാനുള്ള സ്ഥലമിട്ടശേഷം ബാരിക്കോഡ് ഉപയോഗിച്ച് റോഡ് അടച്ചു. എന്നാൽ ഇതു പൂർണമായും നീക്കം ചെയ്യണമെന്ന് തമിഴ്നാട്ടുകാർ ആവശ്യപ്പെട്ടു. തങ്ങളുടെ സ്ഥലം അടയ്ക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് കടയാലുമൂട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും റവന്യു അധികൃതരും സ്ഥലത്തെത്തി വെള്ളറട സി.ഐ എം. ശ്രീകുമാറുമായി സംസാരിച്ചു. തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാരുടെ നേതൃതൃത്തിലുള്ള സംഘം സ്ഥലത്തെത്തി. സ്ഥലം തമിഴ്നാടിന്റേതാണെന്ന് കണ്ടെത്തിയതിനാൽ ബാരിക്കേഡ് കേരള പൊലീസുതന്നെ നീക്കംചെയ്തു. ഗവൺമെന്റ് തലത്തിൽ ചർച്ചകൾക്കു ശേഷം റോഡ് അടയ്ക്കുന്നതിനെ കുറിച്ച് തീരുമാനിക്കാമെന്നു പറഞ്ഞാണ് ഇരു സംസ്ഥാനത്തെയും ഉദ്യോഗസ്ഥർ പിരിഞ്ഞത്.