കൊല്ലം : കൊവിഡുമായി ബന്ധപ്പെട്ട് കെ.എം.എം.എല്ലിനെതിരെ അകാരണമായി ജനങ്ങളിൽ ഭീതി പടർത്തുംവിധം വാർത്തകൾ പ്രചരിപ്പിച്ച നടപടി ഖേദകരമാണെന്ന് കമ്പനി മാനേജ്മെന്റ് പറഞ്ഞു. ഒരു കരാർ ജീവനക്കാരന് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ കൊവിഡ് പിടിപെട്ടതിനെ പർവതീകരിച്ച് അനാവശ്യ ഭീതി പടർത്തുകയാണുണ്ടായത്. ഇത്തരമൊരു അനാവശ്യ പ്രചാരണത്തിലൂടെ തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുക്കൾ നീക്കം ചെയ്യൽ താത്കാലികമായി മാറ്റിവച്ചു. സ്പിൽവേ വീതിയും ആഴവും വർദ്ധിപ്പിക്കുന്നതിന് കെ.എം.എം.എൽ നെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് പ്രകാരം കമ്പനിയുടെ സാമ്പത്തിക ചെലവിൽ നീക്കം ചെയ്ത മണ്ണിന്റെ കമ്പനിയിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ ആണ് കളക്ടറുടെ വാക്കാലുള്ള നിർദ്ദേശപ്രകാരം നിറുത്തേണ്ടിവന്നത്. വലിയ സാമ്പത്തിക ചെലവോടെ ശേഖരിച്ച് വയ്ക്കുന്ന മണ്ണ് കാലാവസ്ഥാ വ്യതിയാനം മൂലം നഷ്ടപ്പെട്ടാൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കടുത്തതായിരിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് പറഞ്ഞു.