rajajinagar

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് പുതിയ മാതൃകയാണ് നഗരത്തിലെ രാജാജിനഗർ കോളനി. കൊവിഡ് വ്യാപനം പിടിവിട്ട നഗരത്തിൽ ഒരു രോഗിപോലുമില്ലാതെ പ്രതിരോധ കോട്ടകെട്ടി കാവലിരിക്കുകയാണ് രാജാജി നഗർ (പഴയ ചെങ്കൽചൂള). സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്ത ഇവിടെ പ്രതിരോധത്തിന്റെ അടുപ്പമാണ് ഇവരുടെ ജീവിതം.

നഗരമദ്ധ്യത്തിൽ 11.5 ഏക്കറിലുള്ള കോളനിയിൽ 1500 കുടുംബങ്ങളുണ്ട്. ഒാരോ കുടുംബത്തിലും കുറഞ്ഞത് നാല് അംഗങ്ങൾ വീതമുണ്ട്. വീടുകൾ തമ്മിലുള്ള അകലവും കുറവ്. അന്യ ജില്ലയിൽ ജോലി ചെയ്യുന്നവരുമുണ്ടിവിടെ. പൊലീസുകാർ, മത്സ്യക്കച്ചവടക്കാർ, മാർക്കറ്റിൽ ജോലിചെയ്യുന്നവർ, ശുചീകരണ തൊഴിലാളകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം കോളനിയിലുണ്ട്. ഇതെല്ലാം മറികടന്ന് ഓരോരുത്തരും രോഗം വരാതെ പ്രതിരോധിക്കുകയാണ്.

 കോളനിയിലെ യുവജന മാതൃക

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ കോളനിയിലെ യുവജന സംഘടന പ്രതിരോധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. സെക്രട്ടേറിയറ്റ് ജീവനക്കാരനായ അഖിലിന്റെ നേതൃത്വത്തിലുള്ള യുവജന സംഘടനയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കോളനിവാസികളെ ബോധവത്കരിച്ചു. മാസ്കും സാനിറ്റൈസറുമുൾപ്പെടെയുള്ളവ കൃത്യമായ ഇടവേളകളിൽ നൽകും. കൂടാതെ മൈക്ക് അനൗൺസ്മെന്റും നൽകുന്നുണ്ട്.

 പഴുതടച്ച പ്രവ‌ർത്തനം

കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ പുറത്ത് നിന്നുള്ള കച്ചവടക്കാരെ പ്രവേശിപ്പിക്കില്ലെന്ന ബോർഡ് സ്ഥാപിച്ചു. പുറത്ത് പോയി കച്ചവടം ചെയ്യുന്നവർക്കും മറ്റും പ്രത്യേക നിർദ്ദേശങ്ങളും നൽകി. കോളനിയിൽ ഏതു ചടങ്ങ് നടന്നാലും ആരോഗ്യവകുപ്പിനെയും കൗൺസിലറെയും ബന്ധപ്പെടും. പരമാവധി 5 പേരെ പങ്കെടുപ്പിക്കുന്ന രീതിയിലുമാക്കി. കോളനി നിവാസികളുടെ ചെലവിൽ പ്രധാന കവാടങ്ങളിൽ ബ്രേക്ക് ദ ചെയിൽ കിയോസ്കുകൾ സ്ഥാപിച്ചു. വ്യക്തി ശുചിത്വം പാലിക്കുന്നതിലും കോളനിക്കാർ മുന്നിലാണ്. നഗരസഭയുടെ നേതൃത്വത്തിലും അണുനശീകരണം നടത്തി.

ലോക്ക് ഡൗൺ മൂലം സാമ്പത്തിക ബാദ്ധ്യതയുള്ളവരെയും വൃദ്ധരെയും കോളനിക്കാർ സഹായിക്കുന്നുണ്ട്. മരുന്നും ആഹാരവും യുവജനസംഘടനയുടെ നേതൃത്വത്തിൽ വീടുകളിലെത്തിക്കും.