ബാലരാമപുരം: ചാവടി നടയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. കഴിഞ്ഞ 12 ന് രാത്രി 8.30 ഓടെയാണ് സംഭവം. ചാവടിനട ആറ്റുകാൽ വീട്ടിൽ വിജയകുമാർ (65), മകൻ അനീഷ് (36) എന്നിവരെയാണ് ബൈക്കിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചത്. സമീപവാസിയായ ഉമ്മാച്ചു എന്നു വിളിക്കുന്ന രാജീവ് ശേഖറും ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന യുവാവുമാണ് ആക്രമിച്ചതെന്ന് വിജയകുമാറും മകനും പൊലീസിന് മൊഴി നൽകി. സംഭവ ദിവസം രാത്രി 8.30 ന് വിജയകുമാർ ബന്ധുവീട്ടിൽ ഇന്റർലോക്കിന്റെ പണിയിൽ ഏർപ്പെട്ടിരിക്കവെ ബൈക്കിലെത്തിയ സമീപവാസിയായ രാജീവ് കൈയിൽ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചു. വിജയകുമാർ കൈ കൊണ്ട് തടയുകയും കൈയ്ക്ക് പൊട്ടലേറ്റ് അവശനായി നിലത്ത് വീഴുകയുമുണ്ടായി. കൂടെയെത്തിയ ഗുണ്ടയും വിജയകുമാറിനെ ആക്രമിച്ചു. ഇതുകണ്ട് ഓടിയെത്തിയ മകൻ അനീഷ് തടയാൻ ശ്രമിച്ചെങ്കിലും രാജീവ് കമ്പിപ്പാരകൊണ്ട് അനീഷിനെയും തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. വീട്ടുകാർ നിലവിളിച്ച് ഓടിയെത്തിപ്പോഴേക്കും രാജീവും കൂട്ടാളിയും ഓടിമറഞ്ഞിരുന്നു. അനീഷിന്റെ ഭാര്യ മിത്ര, ഒമ്പതും ഒന്നര വയസുമുള്ള പെൺമക്കളുടെയും മുന്നിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ ആട്ടോയിൽ വിഴിഞ്ഞം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് വീടുകയറി ആക്രമിച്ച സംഭവത്തിൽ രാജീവ് ശേഖർ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. ജയിലിൽ കഴിയവെ രാജീവ് ശേഖറിനെ നേരിട്ട് പോയി കാണാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അനീഷ് മൊഴി നൽകി. ഗുണ്ടാസംഘത്തിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.