flat

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും തലസ്ഥാനത്തെത്തിച്ച് തെളിവെടുത്ത് എൻ.ഐ.എയും മിന്നൽ റെയ്ഡുകളുമായി കസ്റ്റംസും ഇന്നലെ കളംനിറഞ്ഞു. പകൽമുഴുവൻ നീണ്ട ചടുലനീക്കങ്ങളിലൂടെ രണ്ട് കേന്ദ്ര ഏജൻസികളും ഇന്നലെ ശ്രദ്ധാകേന്ദ്രമായി.

രണ്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദീപും സ്വപ്നയുമായി എട്ടിടത്താണ് എൻ.ഐ.എ തെളിവെടുത്തത്. സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലും കരകുളത്തെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തി. തഹസിൽദാരെ എത്തിച്ച് പൂട്ടിക്കിടന്ന ഫ്ലാറ്റ് തുറപ്പിച്ചായിരുന്നു റെയ്ഡ്. തെളിവെടുപ്പിനിടെ, എൻ.ഐ.എ അന്വേഷണത്തിലും കോടതിയിലും വിശ്വാസമുണ്ടെന്ന് സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ നിന്നു രാവിലെ പ്രതികളുമായെത്തിയ എൻ.ഐ.എ സംഘം രണ്ടായി തിരിഞ്ഞ് ഉച്ചയ്ക്ക് 12ന് സന്ദീപുമായി എം.ശിവശങ്കറിന്റെ ഹെതർ അപാർട്ട്‌മെന്റിലെത്തി. സ്വർണക്കടത്തിന്റെ ഗൂഢാലോചന നടത്തിയത് ഇവിടെയാണെന്നാണ് കണ്ടെത്തൽ. പാർക്കിംഗ് ഏരിയയിൽ വാഹനം നിറുത്തി സന്ദീപിനെ പുറത്തിറക്കാതെ തെളിവെടുപ്പ് പൂർത്തിയാക്കി. കേശവദാസപുരത്തെ ഫ്ലാറ്റിലെത്തിച്ചപ്പോഴും സന്ദീപിനെ പുറത്തിറക്കിയില്ല.

ഈ സംഘം നെടുമങ്ങാട് പത്താംകല്ലിലെ സന്ദീപിന്റെ വീട്ടിലേക്ക് പോയപ്പോൾ, രണ്ടാംസംഘം സ്വപ്നയുമായി സെക്രട്ടേറിയറ്റിനടുത്തെ ഹെതർ ഫ്ലാറ്റിലെത്തി. മാദ്ധ്യമപ്രവർത്തകരുടെ വൻ സംഘം അവിടെയുണ്ടായിരുന്നു. കറുത്ത പർദ്ദ ധരിച്ച് മുഖം മറച്ച് വാഹനത്തിന്റെ പിൻസീറ്റിൽ ഉദ്യോഗസ്ഥരുടെ മദ്ധ്യഭാഗത്തിരുന്ന സ്വപ്നയെ പുറത്തിറക്കാതെ തെളിവെടുപ്പ് പൂർത്തിയാക്കി.

അമ്പലംമുക്കിലെ ഫ്ലാറ്റിലേക്ക് താമസം മാറും മുൻപ് സ്വപ്‌ന താമസിച്ചിരുന്ന ആൽത്തറ ജംഗ്ഷനടുത്തെയും മരുതംകുഴിയിലെയും വീട്ടിലായിരുന്നു അടുത്ത തെളിവെടുപ്പ്. പി.ടി.പി നഗർ പടയണിയിൽ മുൻപ് താമസിച്ച വീട്ടിലുമെത്തിച്ചു. രണ്ടിടത്തും സ്വപ്നയെ പുറത്തിറക്കിയില്ല. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അമ്പലംമുക്കിലെ ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ചത്. എൻ.ഐ.എയുടെ വാഹനമെത്തും മുമ്പ് ഫ്ളാ​റ്റിന്റെ ലിഫ്​റ്റിലടക്കം പൊലീസ് പരിശോധന നടത്തി. പിന്നാലെ പൊലീസ് അകമ്പടിയോടെ സ്വപ്നയുമായി എൻ.ഐ.എ വാഹനമെത്തി. മാദ്ധ്യമപ്രവർത്തകരുടെ തിക്കിത്തിരക്ക് കാരണം സ്വപ്നയെ പുറത്തിറക്കാൻ ഉദ്യോഗസ്ഥർ മടിച്ചു. ഒടുവിൽ പൊലീസ് വലയത്തിൽ സ്വപ്നയെ പുറത്തിറക്കി. എൻ.ഐ.എയുടെ വനിതാ ഉദ്യോഗസ്ഥ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതോടെ, സ്വപ്ന ഫ്ലാറ്റിലേക്ക് ഓടിക്കയറി. ഇരുപത് മിനിട്ടോളം ഇവിടെ തെളിവെടുത്തു.

ഈ സമയം രണ്ടാംസംഘം സന്ദീപിനെ പത്താംകല്ലിലെ 'ഉപഹാർ ' വീട്ടിലെത്തിച്ച് പരിശോധന നടത്തുകയും സാധനങ്ങൾ പിടിച്ചെടുത്തതുപോലെ മഹസർ തയ്യാറാക്കുകയും ചെയ്തു. സന്ദീപിന്റെ അമ്മയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. സ്വർണക്കടത്തിൽ നിന്ന് നേടിയ പണമുപയോഗിച്ച് കവടിയാറിൽ തുടങ്ങിയ ബ്യൂട്ടിപാർലറിലും സന്ദീപിനെ എത്തിച്ചു.

പിന്നീട് സന്ദീപിനെയും സ്വപ്നയെയും പേരൂർക്കടയിലെ പൊലീസ് ക്ലബിലെത്തിച്ചു. വിശദമായി ചോദ്യംചെയ്ത ശേഷം സന്ദീപിനെ വീണ്ടും കുറവൻകോണത്തെ ഒരു സ്​റ്റുഡിയോയിലെത്തിച്ചു. സ്വർണക്കടത്തിനായി കോൺസുലേ​റ്റിന്റെ വ്യാജരേഖ നിർമിച്ചത് ഇവിടെയാണെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച വരെയാണ് സ്വപ്നയും സന്ദീപും എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ളത്. രാത്രി ഏഴരയോടെ എൻ.ഐ.എ ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ടുപോയി.

രാവിലെയാണ് സന്ദീപിന്റെ നെടുമങ്ങാട്ടെ സ്ഥാപനത്തിൽ കസ്റ്റംസ് തെരച്ചിൽ നടത്തിയത്. സ്വർണമടങ്ങിയ ബാഗ് ഇവിടെയെത്തിച്ചാണ് സ്വർണം വേർതിരിച്ചിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉച്ചയ്ക്കായിരുന്നു കരകുളത്തെ ഫ്ലാറ്റിലെ പരിശോധന. ആന്റിപൈറസി സെൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സന്ദീപ് വാടകയ്ക്കെടുത്തതാണ് ഈ ഫ്ലാറ്റ്. സന്ദീപിന്റെ ഭാര്യ സൗമ്യയെയും സ്ഥലത്തെത്തിച്ചിരുന്നു.