1

പൂവാർ: കൊവിഡ് വ്യാപനം നേരിടുന്നതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) തീരദേശത്ത് ഗ്രാമപഞ്ചായത്തുതലത്തിൽ തയ്യാറാക്കി വരുന്നതായി അധികൃതർ. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. പൂവാർ ഗവ. എൽ.പി സ്കൂളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിക്കാൻ വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും കൂടുതൽ സൗകര്യം ആവശ്യമായി വരുന്നപക്ഷം ഇതിനോട് ചേർന്നുള്ള ഹൈസ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ പുളിങ്കുടി റോസാ മിസ്റ്റിക്കാ ബെഡ്സൈദ ഹയർസെക്കൻഡറി സ്കൂളിലും കുളത്തൂർ ഗ്രാമപഞ്ചായത്തിൽ പൊഴിയൂർ ഗവ. യു.പി സ്കൂളിലും ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ ആവശ്യമായ പ്രവർത്തനം തുടങ്ങിയതായി അധികൃതർ പറഞ്ഞു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തീരമേഖലയിൽ എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്.

നിയന്ത്രണം മാനേജ്മെന്റ് കമ്മിറ്റിക്ക്

കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുകയാണ് സി.എഫ്.എൽ.ടി.സിയുടെ ഉദ്ദേശ്യം. ഇതിന് അനുയോജ്യമായ കെട്ടിടം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. ഇത്തരം കേന്ദ്രങ്ങളുടെ നിയന്ത്രണം തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും. അവിടെ ഫ്രണ്ട് ഓഫീസ്, ഡോക്ടറുടെ മുറി, ഒബ്സർവേഷൻ മുറി, നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, സ്റ്റാഫ് റൂം, ഭക്ഷണം, പാർക്കിംഗ്, ടോയ്ലെറ്റ്, മാലിന്യ നിർമ്മാർജനം തുടങ്ങി ഒരു ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിക്കണം.

ഒരുങ്ങുന്നത് ഇവിടെ

 പൂവാർ ഗവ.എൽ.പി.സ്കൂൾ - 60 ബെഡ്ഡ്

പുളിങ്കുടി റോസാ മിസ്റ്റിക്കാ ബെഡ്ഡ്സൈദ

ഹയർസെക്കൻഡറി സ്കൂൾ - 150 ബെഡ്ഡ്

 പൊഴിയൂർ ഗവ.യു.പി സ്കൂൾ - 100 ബെഡ്ഡ്

പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്

50 - 100 വരെ ബെഡ്ഡുള്ള സെന്ററിന് - 25 ലക്ഷം രൂപ

100 - 200 ബെഡ്ഡ് - 40 ലക്ഷം

 200 ന് മുകളിൽ 60 ലക്ഷം

പുല്ലുവിളയിൽ സമൂഹ വ്യാപനത്തിലേക്ക് കടന്ന സാഹചര്യത്തിൽ ലിയോ തേർട്ടീൻത് ഹയർസെക്കൻഡറി സ്കൂളിൽ 150 ബെഡ്ഡും പുതിയതുറ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി ഹാളിൽ 100 ബെഡ്ഡും സജ്ജീകരിച്ചു കൊണ്ട് സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു.

ജി.അനിൽകുമാർ, പ്രസിഡന്റ്

കരുംകുളം ഗ്രാമപഞ്ചായത്ത്