തിരുവനന്തപുരം: ഹാരിസൺ, ടാറ്റ ഉൾപ്പെടെയുള്ള വൻകിട കുത്തക കമ്പനികൾ കൈയടക്കി വച്ചിട്ടുള്ള ഭൂമിയിൽ അവകാശം സ്ഥാപിച്ച് കൊടുക്കുന്നതിന് സംസ്ഥാന സർക്കാർ കള്ളക്കളി നടത്തുകയാണെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
കോടതിയിൽ കേസ് തോറ്റു കൊടുത്തതും തുടർനടപടികളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ സർക്കാർ ഭൂമി എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയ ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് സർക്കാർ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്.
വൻകിട കുത്തകക്കാർ കൈക്കലാക്കിയ ഭൂമിയും അവർ വിറ്റ ഭൂമിയും അടിയന്തര നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ല. സമ്പന്ന ശക്തികളുടെ താല്പര്യസംരക്ഷകരായി ഭരണകൂടം മാറുമ്പോൾ സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് സുധീരൻ പറഞ്ഞു.