തിരുവനന്തപുരം: പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ ഉദ്യോഗസ്ഥൻ കുറിപ്പെഴുതിയാൽ സർക്കാരിന്റെ തീരുമാനമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അങ്ങനെ പല നിർദ്ദേശങ്ങളും വരും. അത് അംഗീകരിക്കണ്ടേ. സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അതുണ്ടായിട്ടില്ല - മുഖ്യമന്ത്രി പറഞ്ഞു.പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും. ഇപ്പോൾ ഒന്നും അറിയിക്കാനില്ല. ഇ- മൊബിലിറ്റി കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടറിനെ ഒഴിവാക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അതേപ്പറ്റിയൊന്നും അറിയിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറ്റിയതായി തനിക്കറിയില്ല. അന്വേഷിക്കട്ടെ.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ രാജ്യത്ത് പലേടത്തും സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പോകുന്നുണ്ടാകും. ഇവിടെ ശിവശങ്കർ അതിന്റെ ഹോൾസെയിൽ ഏജന്റായോ എന്ന് തനിക്കറിയില്ല.
ശിവശങ്കർ തെറ്റ് ചെയ്താൽ
ഒരു രക്ഷയുമുണ്ടാകില്ല
ശിവശങ്കർ ഐ.എ.എസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരു രക്ഷയും അദ്ദേഹത്തിനുണ്ടാകില്ല. അതല്ലേ അദ്ദേഹത്തിനെതിരെയുള്ള നടപടികൾ വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടക്കട്ടെ. കുറ്റവാളികളെല്ലാം പിടിക്കപ്പെടട്ടെ. നമ്മളെന്തിന് വേവലാതിപ്പെടണം?- മുഖ്യമന്ത്രി ചോദിച്ചു.