covid

തലസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി

ഉറവിടം അറിയാത്ത 36 രോഗികൾ


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 593 പേർക്ക് കൊവിഡ് സ്ഥിരീകരീച്ചു. ഇതിൽ 364 പേരും സമ്പർക്ക രോഗികളാണ്. 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തുടർച്ചയായ അഞ്ചു ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെ എണ്ണം കുറഞ്ഞത് നേരിയ ആശ്വാസമായി.

സമൂഹവ്യാപനത്തിൽ എത്തിയ തലസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈമാസം 11ന് പൂന്തുറയിൽ മരണമടഞ്ഞ അരുൾദാസിനും (70) പാറശാലയിൽ 16ന് മരണമടഞ്ഞ ബാബുരാജിനുമാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 40 ആയി.

അതേസമയം കൊവിഡ്ബാധിതരിൽ 60ശതമാനത്തിലേറെയും സമ്പർക്ക രോഗികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് നാലിന് ശേഷം രോഗികളിൽ ഭൂരിഭാവും വിദേശത്തുനിന്നും സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയവരിലായിരുന്നു. ക്രമേണ ഇത് സമൂഹത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഉറവിടം അറിയത്തകേസുകളും വർദ്ധിച്ചു.

ഏറ്റവും രൂക്ഷമായ രോഗവ്യാപനം തിരുവനന്തപുരത്താണ്. ഇന്നലെ 173 പേർ രോഗികളായതിൽ 157 പേരും സമ്പർക്ക രോഗികളാണ്. കൊല്ലം 42, എറണാകുളം 34 , ആലപ്പുഴ 24 , കോഴിക്കോട്, കാസർകോട് 22 വീതം, ഇടുക്കി 17 , പത്തനംതിട്ട 14 , വയനാട് 11, തൃശൂർ 8 , കണ്ണൂർ 5, പാലക്കാട് 4 , മലപ്പുറം 3, കോട്ടയം ഒരാൾ എന്നിങ്ങനെയാണ് സമ്പർക്ക രോഗികൾ.

ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 116 പേർ വിദേശത്തു നിന്നും 90 പേർ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

204 രോഗമുക്തർ

ഇന്നലെ 19 ആരോഗ്യ പ്രവർത്തകരും കൊവിഡ് ബാധിതരായി. കണ്ണൂരിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഒരു ഫയർഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു. 204 പേർ രോഗമുക്തരായി.

ആകെ രോഗികൾ 11,​657

ചികിത്സയിലുള്ളവർ 6,​416

രോഗമുക്തർ 5,​201

'മടങ്ങിയെത്തുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങി. സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ തീർച്ചയായും കഴിയും.'

-മുഖ്യമന്ത്രി പിണറായിവിജയൻ