cm

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി എന്നത് മാദ്ധ്യമങ്ങൾ ചമച്ച വാർത്ത മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സി.പി.എം സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്ന ആളാണ് താൻ. അവിടെ അങ്ങനെ ഒരു കാര്യവും ചർച്ചചെയ്‌തില്ല. സെക്രട്ടേറിയറ്റ് യോഗത്തിന്റെ കാര്യങ്ങൾ സംസ്ഥാന സെക്രട്ടറി നിങ്ങളോട് പറഞ്ഞിട്ടുണ്ട്. സെക്രട്ടറി പറഞ്ഞതിന് ഇങ്ങനെയൊരു വ്യാഖ്യാനം സൃഷ്ടിക്കാൻ സാധിക്കില്ല.സി.പി.എം ജനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഈ മാസം 30വരെ അത്തരം പ്രവർത്തനങ്ങളൊന്നും പറ്റില്ല. 30ന് ശേഷം നടത്താമെന്ന പ്രതീക്ഷയിലാണ് ആഗസ്റ്റിൽ വിശദീകരണയോഗങ്ങൾ തീരുമാനിച്ചത്.

സ്വർണ്ണക്കടത്തിനെ സർക്കാരിനെതിരായ പ്രചാരവേലയാക്കാൻ ശ്രമിച്ചവരുണ്ട്. സംഭവം പുറത്തുവന്ന ദിവസം ഒരു നേതാവ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിലേക്ക് വിളിച്ചെന്നാണ്. എന്ത് അടിസ്ഥാനത്തിലാണത് പറഞ്ഞത്? സർക്കാരിനെതിരെ പ്രചാരണം നേരത്തേ നിശ്ചയിച്ചിരുന്നു. അതിന്റെ ഭാഗമായി ആരോപണമുന്നയിക്കുകയാണ്. സർക്കാരിനെതിരെ പൊതുവികാരം വളർത്തി സർക്കാരിനെ ഇടിച്ചുതാഴ്‌ത്താമെന്നാണ് അവരുടെ ചിന്ത. അതിനവർ പല തെറ്റായ മാർഗ്ഗങ്ങളും സ്വീകരിച്ചു. എന്നിട്ടെവിടെയെത്തി?

കഴിഞ്ഞ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസെന്നും പറഞ്ഞ് രണ്ട് സ്ത്രീകളെ താരതമ്യം ചെയ്യാൻ പുറപ്പെട്ടില്ലേ. കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണോ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്? അല്ലെന്ന് അറിഞ്ഞുകൊണ്ടല്ലേ താരതമ്യത്തിന് മുതിർന്നത്. സർക്കാരിന്റെ പ്രതിച്ഛായ ഇടിക്കാൻ അവർക്കാവുന്നത് ചെയ്യുകയാണ്. ആത്യന്തികമായി ജനങ്ങളാണ് വിധികർത്താക്കൾ. ഏതെങ്കിലും പ്രചരണം അഴിച്ചുവിട്ടാൽ അട്ടിമറിഞ്ഞ് പോകുമെന്ന് ആശ്വസിക്കുന്നുണ്ടാവും. നിങ്ങളുടെ (മാദ്ധ്യമങ്ങൾ) സ്ഥാപനങ്ങൾ പലതും കൂടെ അണിനിരന്നപ്പോൾ പുകമറ സൃഷ്ടിക്കാമോയെന്നാണ് നോട്ടം. അതിനൊക്കെ ചെറിയ ആയുസേയുള്ളൂ. സത്യം പുറത്ത് വരുമ്പോൾ കെട്ടിച്ചമച്ചതെല്ലാം പോകും. അന്വേഷണം കൃത്യമായി നടക്കട്ടെ. ആരൊക്കെ ബന്ധപ്പെട്ടോ അവരെല്ലാം കുടുങ്ങട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.