തിരുവനന്തപുരം: കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള അനുമതി സ്വകാര്യ ആശുപത്രികൾക്കും നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളുള്ള കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും.
സംസ്ഥാനത്തെ രോഗികളിൽ 60 ശതമാനത്തിലേറെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിദഗ്ദ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകടസാദ്ധ്യത വിഭാഗത്തിലുള്ള രോഗലക്ഷണമില്ലാത്തവർക്ക് താമസസ്ഥലത്തിന് സമീപം ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ കഴിയാൻ അനുവദിക്കും. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.