തിരുവനന്തപുരം: പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയതന്ത്ര പ്രതിനിധിയുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലുമായി ബന്ധപ്പെട്ട്, എന്താണ് സംഭവിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധി അങ്ങോട്ട് ബന്ധപ്പെട്ടോ, ഇങ്ങോട്ട് ബന്ധപ്പെട്ടോ എന്നൊക്കെ മനസിലാക്കാമല്ലോ. സാധാരണ നോമ്പ് പോലുള്ള സമയങ്ങളിൽ വിശ്വാസികൾ പൊതുവെ സ്വീകരിക്കുന്ന നിലയുണ്ട്. അതനുസരിച്ചാണ് ഇവിടെയുമുണ്ടായിട്ടുള്ളത്. അതിന് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളോ മാനങ്ങളോ കാണാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.