തിരുവനന്തപുരം: അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. ജില്ലാ ദുരന്ത നിവാരണ അതോറിട്ടികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ വിളിച്ചു ചേർത്ത് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
ജൂൺ ഒന്നു മുതൽ ജൂലായ് 17 വരെ കേരളത്തിൽ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്.
വടക്കൻ ജില്ലകളിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.