വർക്കല: അകത്തുമുറി എസ്.ആർ. ഡെന്റൽ കോളേജിൽ റിമാൻഡ് പ്രതികൾക്കായുളള കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയവെ കുളിമുറിയുടെ വെന്റിലേറ്റർവഴി ചാടി രക്ഷപ്പെട്ട് ഒളിവിൽപോയ രണ്ടാമത്തെ പ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ സഹായിയും പിടിയിലായി. നെയ്യാറ്റിൻകര പളളിച്ചൽ കുളങ്ങറ ക്കോണം ആയക്കോട് മേലേ പുത്തൻ വീട്ടിൽ അനീഷ് (27), സഹായി മലയിൻകീഴ് ചാത്തുമൂല ഗീതു ഭവനിൽ ബാബുരാജ് (26) എന്നിവരാണ് പിടിയിലായത്. എസ്.പി യുടെ സ്പെഷ്യൽ സ്ക്വാഡാണ് നെയ്യാർ ഡാമിൽവച്ച് ഇവരെ പിടികൂടിയത്. കാപ്പാ നിയമം ചുമത്തപ്പെട്ട പ്രതിയാണ് അനീഷ്.
ജൂലായ് 5 ന് പുലർച്ചെയാണ് അനീഷും മറ്റൊരു റിമാൻഡ് പ്രതിയായ കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാനും (18) പൊലീസ് ക്വാറന്റൈനിൽ കഴിഞ്ഞത്. ഇരുമ്പ് ഗ്രിൽ ഇല്ലാത്ത വെന്റിലേറ്ററിന്റെ കണ്ണാടിപ്പാളി നീക്കിയാണ് ഇരുവരും പുറത്ത് കടന്നത്. കടയ്ക്കാവൂരിലെ ഒരു അഭിഭാഷകന്റെ വീട്ടിൽ നിന്നു മോഷ്ടിച്ച സ്കൂട്ടറിലാണ് മുങ്ങിയത്. വാഹനത്തിൽ പോകവെ പൊലീസ് വാഹനം കണ്ടതിനെ തുടർന്ന് വാഹനം ഉപേക്ഷിച്ച് ഇരുവരും കടന്നു കളയുകയായിരുന്നു. മുഹമ്മദ് ഷാനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു. മുഹമ്മദ് ഷാൻ മോഷണ കേസിലാണ് അകത്തായത്. ബാബുരാജിനെയും അനീഷിനെയും വർക്കല മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി.
ഫോട്ടോ: അറസ്റ്റിലായ അനീഷും ബാബുരാജും