തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജിയുടെ ഡയറക്ടറായി പ്രൊഫ. ആശാകിഷോർ വീണ്ടും ചുമതലയേറ്റു. പിന്നാലെ ഇത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിന് കത്തയച്ചത് വിവാദമായി. ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ അസ്ഥിരതയുണ്ടാക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ സമ്മർദ്ദമാണെന്ന് ആക്ഷേപം ഉയർന്നു.
അഞ്ചുവർഷമായി ഡയറക്ടറായ ആശാകിഷോറിന്റെ കാലാവധി ജൂലായ് 15നാണ് അവസാനിച്ചത്. അഞ്ചുവർഷം കൂടി നീട്ടാൻ മേയ് 12ന് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡാണ് തീരുമാനിച്ചത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി. കെ. സാരസ്വതും കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയവും അംഗീകരിച്ചതിനെ തുടർന്നാണ് 16ന് വീണ്ടും ചുമതലയേറ്റത്. 2025 ഫെബ്രുവരിയിൽ റിട്ടയർമെന്റ് വരെയാണ് കാലാവധി നീട്ടിയത്.
ഇതിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അംഗീകാരത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ മൂന്ന് മാസത്തേക്ക് താൽക്കാലിക ചുമതല നൽകി ഡയറക്ടർ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് കുമാർ ദയാൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിന് കത്തയച്ചത്. ഇനി തീരുമാനമെടുക്കേണ്ടത് വി.കെ.സാരസ്വതാണ്.
സംസ്ഥാനത്തെ ആർ.എസ്.എസ്. ബി.ജെ.പി സംഘടനകളിലെ ഒരു വിഭാഗം ഇൻസ്റ്റിറ്റ്യൂട്ട് ഭരണത്തിൽ സ്വാധീനം ചെലുത്താൻ നടത്തിയ ശ്രമത്തിന് കൂട്ടുനിൽക്കാത്തതാണ് ആശാകിഷോറിനെതിരായ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് അറിയുന്നത്. കാലാവധി നീട്ടുന്നതിനെ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡിലും കേന്ദ്ര മന്ത്രാലയത്തിലും കോടതിയിലും എതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ നീക്കം. ഇത് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
ദേശീയ പ്രധാന്യമുള്ള സ്വയംഭരണശാസ്ത്രസാങ്കേതിക സ്ഥാപനമാണ് ശ്രീചിത്ര.പാർലമെന്റിന്റെ പ്രത്യേക നിയമപരിരക്ഷയോടെ പ്രവർത്തിക്കുന്ന ശ്രീചിത്രയിൽ ഡയറക്ടറെ നിയമിക്കാനുള്ള അന്തിമമായ അധികാരം അതിന്റെ ഭരണഘടനയനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡിനാണ്. അത് രാഷ്ട്രീയ ഇടപെടലിലൂടെ പരിമിതപ്പെടുത്താനും കേന്ദ്രമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലേക്ക് തരംതാഴ്‌ത്താനുമാണ് ശ്രമം. ഇൻസ്റ്റിറ്റ്യൂട്ട് ഭരണഘടനയനുസരിച്ച് നിയമനം ബോർഡ് അംഗീകരിച്ചാൽ പുന:പരിശോധിക്കാനാവില്ല. അതിന് മന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരവും വേണ്ട. ചുമതലയേറ്റെടുത്താൽ അത് തടയുന്ന കീഴ്‌വഴക്കവുമില്ല.