ഇരവിപുരം: കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. തിരുവനന്തപുരം നേമം അമ്പനാട് ശിവശൈലത്തിൽ ശരത്ത് കുമാറാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ കായംകുളം സ്വദേശിയെ പൊലീസ് തെരയുന്നു. കൊല്ലം അയത്തിൽ സ്വദേശിയായ യുവാവിന്റെ കാർ വാടകയ്ക്കെടുത്ത് കടന്ന കേസിൽ അന്വേഷണത്തിനിടെ പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസുമായി ബന്ധപ്പെട്ട് ശരത്ത് കുമാർ റിമാൻഡിൽ കഴിയുന്നതായി കൊല്ലം എ.സി.പി പ്രദീപ് കുമാറിന് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഓൺലൈൻ ആപ്ളിക്കേഷനുകളിൽ കാറുകൾ വാടകയ്ക്ക് നൽകുന്നതായുള്ള പരസ്യം കണ്ട് ഉടമകളെ ഫോണിൽ ബന്ധപ്പെടും. വാടക ഉറപ്പിച്ച് വീടുകളിലെത്തി ആധാർ കാർഡ് നൽകി വാഹനം കൈക്കലാക്കി കടന്നുകളയുകയാണ് രീതി. അയത്തിൽ സ്വദേശിയുടെ കാർ രണ്ടു ദിവസത്തേക്കാണ് വാടകയ്ക്കെടുത്തത്. കാർ തിരികെ കൊണ്ടുവരാതിരുന്നപ്പോൾ ഉടമ ഫോണിൽ ബന്ധപ്പെട്ടു. കാറിന്റെ കാര്യം മറന്നേക്കൂ എന്നായിരുന്നു മറുപടി. തുടർന്നാണ് ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് വിവരം. കാറുകൾ തട്ടിയെടുത്ത് ചെന്നൈയിലേക്ക് കടക്കുകയാണ് പതിവ്. തിരുവല്ല കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എ.എസ്.ഐ ആന്റണി, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.