prathy

ഓയൂർ: വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ മറിച്ച് വിൽപ്പന നടത്തിയ കേസിലെ പ്രതി വെട്ടിക്കവല സുവർണ മന്ദിരത്തിൽ സുജിത് (25 ) നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ സ്വദേശിനി അലകുഴി വീട്ടിൽ മിനിബ്ലസി എന്നയാളുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ബി.എസ്.എൻ.എൽ, ബാങ്കുകൾ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വാഹനം വാടകയ്ക്ക് കൊടുത്താൽ 15000, മുതൽ 20000 രൂപ വരെ വാടക ലഭിക്കും എന്ന് വാഹന ഉടമകളെ തെറ്റിധരിപ്പിച്ച്‌ വാഹനവും ശരിയായ ബുക്കും പേപ്പറും കൈക്കലാക്കും. പിന്നീട് വാഹനങ്ങൾ 1 ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വാങ്ങി വിൽക്കുകയായിരുന്നു പതിവ്. മൂന്ന് മാസം കഴിഞ്ഞിട്ടും വാടക ലഭിക്കാതായതോടെ വാഹന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഉടമകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാൾ ഒൻപതോളം വാഹനങ്ങൾ തട്ടിപ്പിലൂടെ വിറ്റിട്ടുള്ളതായിയാണ് വിവരം. ഓയൂർ സ്വദേശിയായ ഒരാൾ ഇടനിലക്കാരനായി 7 കാറുകൾ ഓയൂർ മേഖലയിൽ വിറ്റു. ചടയമംഗലത്തും ,ഇടുക്കിയിലും ഓരോ കാറുകൾ വിറ്റിട്ടുണ്ട്. ഇയാൾ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന സുജിത്തിനെ പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.