മുക്കം: ഹോട്ടൽ ജോലിക്കാരിയായ വയോധികയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പീഡിപ്പിച്ച് കെട്ടിയിട്ട ശേഷം ആഭരണവും പണവും കവർന്ന കേസിലെ പ്രതി മുജീബ് റഹ്മാനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി.അഞ്ച് ദിവസത്തേക്കാണ് താമരശേരി കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടത്. പ്രതി ഓടിച്ച ഓട്ടോറിക്ഷയുടെ കെ.എൽ.38 ഡി 8185 നമ്പർ വ്യാജമാണെന്നും കഴിഞ്ഞ മാസം 23ന് ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്നും പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയുമാണ് മുജീബ് റഹ്‌മാനെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന മുത്തേരിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രത്യേക അന്വേഷണ സംഘത്തലവൻ മുക്കം സി.ഐ ബി .കെ സിജുവിന്റെ നേതൃത്വത്തിൽ മുക്കം എസ് .ഐ കെ.ഷാജിദ്, എ.എസ്.ഐമാരായ സലീം മുട്ടത്ത്,ഷാജു, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ,സ്വപ്ന,കാസിം, ലിനേഷ്,രതീഷ് ഏകരൂൽ, ശ്രീജേഷ്, ഉജേഷ്,സിൻജിത്, ശ്രീകാന്ത് എന്നിവരാണ് തെളിവെടുപ്പ് നടത്തുന്നത്.